തിരുവനന്തപുരം പേട്ടയില്‍ പീഡനശ്രമത്തിനിടെ ജനനേന്ദ്രിയം നഷ്ടപ്പെട്ട ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ എന്ന ഹരിക്കെതിരേ കൂടുതല്‍ ആരോപണങ്ങളുമായി പെണ്‍കുട്ടി. വീട്ടില്‍ നിത്യസന്ദര്‍ശകനായിരുന്ന ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ മാതാപിതാക്കളില്‍നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തെന്നും പെണ്‍കുട്ടി പോലീസിന് മൊഴിനല്‍കി. ആദ്യം 30 ലക്ഷം രൂപയും പിന്നീട് സഹകരണസംഘത്തില്‍നിന്ന് വായ്പയെടുത്ത 10 ലക്ഷം രൂപയും വാങ്ങി. ഇതിനൊപ്പമായിരുന്നു പീഡനം. ഈ സാഹചര്യമെല്ലാം കണക്കിലെടുത്താണ് നിരന്തരപീഡനം സഹിക്കാനാവാതെ സന്ന്യാസിയുടെ ജനനേന്ദ്രിയം മുറിച്ചതെന്നാണ് മൊഴി. വയനാട്ടില്‍ റിയല്‍ എസ്‌റ്റേറ്റ് കച്ചവടത്തിനാണിതെന്നാണ് പറഞ്ഞത്. അതേസമയം, അച്ഛന്റെ ചികിത്സയുമായി ബന്ധപ്പെട്ട് പണം ആവശ്യപ്പെടുമ്പോഴൊക്കെ ഗംഗേശാനന്ദ എത്തിച്ചിരുന്നു. സന്ന്യാസി സ്ഥലത്തില്ലെങ്കിലും മറ്റുചിലര്‍ വീട്ടില്‍ പണം കൊണ്ടുതരുമായിരുന്നു. രോഗബാധിതനായ അച്ഛനെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനും മറ്റുമായി വാങ്ങിയ കാറും ഗംഗേശാനന്ദ കൊണ്ടുപോയെന്ന് കുട്ടി മൊഴിനല്‍കി. എന്നാല്‍, ആ വാഹനം അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്ന് വയനാട്ടില്‍ വര്‍ക്ക്‌ഷോപ്പിലാണെന്ന് ഗംഗേശാനന്ദ പോലീസിനോട് പറഞ്ഞു. പണം തട്ടിയത് സംബന്ധിച്ച് കുട്ടിയുടെ മാതാപിതാക്കളില്‍നിന്ന് പരാതിലഭിച്ചിട്ടില്ലെന്നും കിട്ടിയാല്‍ കേസെടുക്കുമെന്നും പേട്ട സിഐ സുരേഷ്കുമാര്‍ പറഞ്ഞു.
അതേസമയം, ഗംഗേശാനന്ദയെ മെഡിക്കല്‍ കോളജിലെ പ്രത്യേക സെല്ലിലേക്ക് മാറ്റി. ഇന്നലെ രാത്രിയിലാണ് ഇദ്ദേഹത്തെ മെഡിക്കല്‍ കോളജാശുപത്രിയിലെ പോലീസിന്റെ സെല്ലിലേക്ക് മാറ്റിയത്. സെല്ലിന് പുറത്ത് പോലീസിനെ കാവല്‍ നിര്‍ത്തിയിട്ടുണ്ട്. ഗംഗേശാനന്ദയെ പാര്‍പ്പിച്ചിരിക്കുന്ന സെല്ലിലേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മജിസ്‌ട്രേട്ട് നേരിട്ടെത്തിയാണ് ഗംഗേശാനന്ദയെ റിമാന്‍റ് ചെയ്തത്. ജനനേന്ദ്രിയം മുറിച്ചതിനെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയ ഗംഗേശാനന്ദയുടെ മുറിവ് ഉണങ്ങിയ ശേഷം മാത്രമെ ഇദ്ദേഹത്തെ ജയിലിലേക്ക് മാറ്റുകയുള്ളൂവെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം.
മുറിവ് പൂര്‍ണമായി ഉണങ്ങാതെ ആശുപത്രിയില്‍ നിന്നും ജയിലിലേക്ക് മാറ്റിയാല്‍ അണുബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. അതേ സമയം പെണ്‍കുട്ടി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിയ്ക്കുന്നതിനിടയാക്കിയ കൂടുതല്‍ കാര്യങ്ങളെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഗംഗേശാനന്ദയില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചെങ്കിലും അദ്ദേഹം വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഇതുവരെ പൂര്‍ണ സന്നദ്ധനായിട്ടില്ല. ഇതിനിടെ മറ്റു ചിലരും സമനമായ പരാതികളുമായി പോലീസിനെ സമീപിച്ചിട്ടുണ്ടെന്നാണ് വിവരം.