കേരള തീരത്ത് ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നുവെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കടലില്‍ മത്സ്യബന്ധനത്തിന് പോയവരെ തിരിച്ചെത്തിയ്ക്കാന്‍ അധീകൃതര്‍ ശ്രമം തുടങ്ങി. കോസ്റ്റല്‍ പോലീസ്, മറൈന്‍ എന്ഫോഴ്സ്മേന്റ്, ദുരന്തനിവാരണ അതോറിറ്റി എന്നിവരുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം മത്സ്യബന്ധനത്തിന് പോയവരെ തിരിച്ചെത്തിക്കാന്‍ ഊര്‍ജിത നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. കന്യാകുമാരിക്ക് തെക്ക് രൂപം കൊണ്ട ന്യൂനമര്‍ദ്ദം വടക്കോട്ട് നീങ്ങുകയാണെന്നും രണ്ട് ദിവസത്തിനകം കേരളത്തിന്റെ തെക്കന്‍ തീരത്ത് എത്തുമെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കിയ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.
കടലിലും തീരത്തും മണിക്കൂറില്‍ 60 കിലോ മീറ്ററില്‍പ്പരം വേഗതയില്‍ കൊടുങ്കാറ്റുണ്ടാകുമെന്നും കടല്‍ തിരമാലകള്‍ ഉയരുമെന്നുമായിരുന്നു മുന്നറിയിപ്പ്. കൂടാതെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. എല്ലാ ജില്ലാ കളക്ടര്‍മാരോടും ജില്ലാ പോലീസ് മേധാവികളോടും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്കിയ പശ്ചാത്തലത്തില്‍ ജില്ലാ ഭരണകൂടങ്ങള്‍ ദുരന്തങ്ങള്‍ ഒഴിവാക്കാനുള്ള നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.