കേരളത്തില്‍ അടുത്തയാഴ്ച്ച കനത്ത മഴ, ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഭൂമധ്യ രേഖയ്ക്ക് സമീപത്തായി തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനോടും തെക്കന്‍ ആന്‍ഡമാന്‍ കടലിനും സമീപത്തായി ലോ ലെവല്‍ ട്രഫ് രൂപപ്പെടുന്നു

കേരളത്തിലുള്‍പ്പെടെ അടുത്തയാഴ്ച്ച കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥ റിപ്പോര്‍ട്ട്. പസഫിക് സമുദ്രത്തിന് മുകളില്‍ കനത്ത മഴയ്ക്ക് കാരണമാകുന്ന എല്‍നിനോ പ്രതിഭാസം രൂപപ്പെട്ടിട്ടുണ്ട്. ഇത് കേരളത്തില്‍ കനത്ത മഴയെത്തിക്കും. ജൂണ്‍ ആദ്യവാരത്തോടെ കാലവര്‍ഷവും ലഭിക്കും. ജൂലൈ പകുതിയോടെ എല്‍നിനോ ദുര്‍ബലമാകും. കേരളത്തില്‍ കഴിഞ്ഞ കൊല്ലം ഉണ്ടായതുപോലെയുള്ള മഴയും വെള്ളപ്പൊക്കവും ഉണ്ടാകുമോ എന്ന് ഇപ്പോള്‍ പറയാനാകില്ല.

കേരളവെതര്‍ഡോട്ട്ഇന്‍ അടുത്തയാഴ്ച്ചത്തെ മഴയെക്കുറിച്ച് പ്രവചിക്കുന്നത് ഇങ്ങനെ-
കേരളത്തില്‍ 18ന് ഒറ്റപ്പെട്ട കനത്തമഴക്ക് സാഹചര്യം ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ബുള്ളറ്റിനില്‍ പറയുന്നു. നേരത്തെ ഞങ്ങളുടെ പ്രവചനത്തില്‍ പറഞ്ഞ ശ്രീലങ്കയിലും കനത്തമഴ സാഹചര്യത്തെ കുറിച്ച് അവിടത്തെ ഒദ്യോഗിക കാലാവസ്ഥാ ഏജന്‍സി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തില്‍ മലപ്പുറം ജില്ലയില്‍ ഒറ്റപ്പെട്ട കനത്തമഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.

എന്നാല്‍ അന്താരാഷ്ട്ര കാലാവസ്ഥാ പ്രവചന മാതൃകകളും കാറ്റിന്റെ ഗതിയും മറ്റു കാലാവസ്ഥാ വിവര്ങ്ങളും വിലയിരുത്തുമ്പോള്‍ മിക്ക ജില്ലകളിലും ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഒറ്റപ്പെട്ട കനത്തമഴക്കുള്ള സാഹചര്യം നിലനില്‍ക്കുന്നതായി കേരളവെതര്‍.ഇന്‍ നിരീക്ഷിക്കുന്നു.

ഇപ്പോഴത്തെ കാലാവസ്ഥാ സാഹചര്യം
———————-
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഭൂമധ്യ രേഖക്ക് സമീപത്തായി തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനോടും തെക്കന്‍ ആന്‍ഡമാന്‍ കടലിനും സമീപത്തായി ലോ ലെവല്‍ ട്രഫ് രൂപപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മഴമേഘങ്ങളുടെ സമൂഹമായ എം.ജെ.ഒയും നിലനില്‍ക്കുന്നു. തെക്കന്‍ കര്‍ണാടക മുതല്‍ കന്യാകുമാരി വരെ സമുദ്രനിരപ്പില്‍ നിന്ന് 0.9 കി.മി ഉയരത്തിലായി ട്രഫ് രൂപപ്പെട്ടതിനാല്‍ കാറ്റിന്റെ ഗതിമുറിവ് രൂപപ്പെട്ടിട്ടുണ്ട്. കിഴക്കു നിന്നുള്ള കാറ്റും പടിഞ്ഞാറന്‍ കാറ്റും സജീവമായി വരികയാണ്.

കനത്തമഴയുണ്ടാക്കുക

മേല്‍പറഞ്ഞ സാഹചര്യം മൂലം കേരളത്തിലും പരിസരത്തും wind confluence എന്നറിയപ്പെടുന്ന കാറ്റിന്റെ ശ്രേണികള്‍ തിരശ്ചീന ദിശയില്‍ ഒന്നിച്ചു നീങ്ങുന്ന സാഹചര്യം രൂപപ്പെടാന്‍ സാധ്യത കാണുന്നു. ഇത് ഒറ്റപ്പെട്ട കനത്തമഴക്ക് കാരണമാകും. ഒരേ ദിശയില്‍ നിന്നുള്ള കാറ്റുകള്‍ ഇത്തരത്തില്‍ കൂടിച്ചേര്‍ന്ന് ഒഴുകുന്ന സാഹചര്യം വരുമ്പോള്‍ ഈ മേഖലയിലെത്തുന്ന കാറ്റിന് പെട്ടെന്ന് വേഗം കൂടുകയും മേഘങ്ങളെ പെട്ടെന്ന് ഘനീഭവിപ്പിക്കുകയും ഒരു പ്രദേശത്ത് ശക്തമായ മഴപെയ്യിക്കുകയും ചെയ്യും. ഈ സാഹചര്യം നീങ്ങിയാല്‍ കനത്തമഴ സാധ്യതയും ഇല്ലാതാകും.

Related posts