കേരള കോണ്‍ഗ്രസിനെ വീണ്ടും യുഡിഎഫിലെത്തിച്ചത് രാജ്യസഭ സീറ്റ് മാത്രം നല്കിയല്ലെന്നാണ് ലഭിക്കുന്ന സൂചനകള്‍. അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടുക്കി, കോട്ടയം, വയനാട് ജില്ലകളിലെ നാലു സീറ്റുകള്‍ കൂടി കേരള കോണ്‍ഗ്രസിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. മാണിക്ക് രാജ്യസഭ സീറ്റ് നല്കിയതു തന്നെ കോണ്‍ഗ്രസിനെ പിടിച്ചു കുലുക്കിയ സാഹചര്യത്തില്‍ പുതിയ വാര്‍ത്തകള്‍ പുറത്തുവരുന്നതോടെ പ്രതിഷേധത്തിന് ശക്തി കൂടും.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ ഊന്നിയാണ് ഹൈക്കമാന്‍ഡിനെ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം തെറ്റിദ്ധരിപ്പിച്ചത്. ന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ച് ക്രിസ്ത്യന്‍ സമുദായം യുഡിഎഫില്‍ നിന്നും അകന്നെന്നും ഇനിയും മാണിയെ ഒപ്പം കൂട്ടിയില്ലെങ്കില്‍ അടുത്ത തവണ ഭരണം നഷ്ടപ്പെട്ടേക്കുമെന്നും അവര്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു. മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായത്തെ ഹൈക്കമാന്‍ഡിനൊപ്പം രാഹുല്‍ ഗാന്ധിയും പിന്തുണച്ചതോടെ കാര്യങ്ങള്‍ കേരള കോണ്‍ഗ്രസിന് അനുകൂലമാകുകയായിരുന്നു.
അതേസമയം രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുകൊടുത്തതിനെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ക്കെല്ലാം ചരിത്രം നിരത്തി മറുപടി നല്‍കി ഉമ്മന്‍ ചാണ്ടി രംഗത്തെത്തി. ആദ്യമായല്ല ഇത്തരത്തില്‍ ഒരു വിട്ടുവീഴ്ച യുഡിഎഫിനുള്ളില്‍ നടക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരള കോണ്‍ഗ്രസ്-എമ്മും മുസ്ലിം ലീഗും സമാനമായ വിട്ടുവീഴ്ചകള്‍ മുന്‍കാലത്ത് ചെയ്തിട്ടുണ്ട്. മുന്നണി സംവിധാനമാകുമ്പോള്‍ ഇത്തരം വിട്ടുവീഴ്ചകള്‍ സ്വാഭാവികമാണെന്നും സീറ്റ് വിട്ടുകൊടുത്തത് ‘ഒറ്റത്തവണത്തേക്ക്’ എന്ന വ്യവസ്ഥയോടെയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ഇനിയൊരവസരത്തില്‍ രണ്ടു സീറ്റുകള്‍ യുഡിഎഫിന് ലഭിക്കുമ്പോള്‍ രണ്ടിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തന്നെ മത്സരിക്കുമെന്ന ധാരണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യസഭാ സീറ്റ് വിട്ടുകൊടുത്തതിനെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങളെല്ലാം ഉള്‍ക്കൊള്ളുന്നു. വിമര്‍ശിക്കുന്നവര്‍ എല്ലാം അഭിപ്രായപ്പെടുന്നത് കോണ്‍ഗ്രസിന് അര്‍ഹമായ സീറ്റ് എന്ന നിലയിലാണ്. ഇക്കാര്യം ശരിയാണെന്നും ടേം അനുസരിച്ച് കോണ്‍ഗ്രസിന് ലഭിക്കേണ്ട സീറ്റ് തന്നെയാണെന്നും എന്നാല്‍, ചില പ്രത്യേക സാഹചര്യം പരിഗണിച്ച് സീറ്റ് ഒരുവട്ടം കൂടി കേരള കോണ്‍ഗ്രസിന് നല്‍കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
പി.ജെ.കുര്യന്‍ തനിക്കെതിരേ വിമര്‍ശനം ഉന്നയിച്ചത് കാര്യങ്ങള്‍ മനസിലാക്കാതെയാണ്. ആദ്യമായി അദ്ദേഹം ലോക്‌സഭയിലേക്ക് മത്സരിക്കുമ്പോള്‍ മുതല്‍ താന്‍ നല്ല പിന്തുണ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം രണ്ടാം തവണ രാജ്യസഭയിലേക്ക് പോയപ്പോള്‍ മാത്രമാണ് താന്‍ മറിച്ചൊരു അഭിപ്രായം പറഞ്ഞതെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
രണ്ടാം തവണ കുര്യന്‍ രാജ്യസഭയിലേക്ക് മത്സരിക്കാന്‍ തയാറെടുത്തപ്പോള്‍ താന്‍ അദ്ദേഹത്തോട് മലബാറില്‍ നിന്നൊരു പ്രതിനിധിക്ക് വേണ്ടി സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം വഴങ്ങാതെ വന്നതോടെ തന്റെ വിയോജിപ്പോടു കൂടി അദ്ദേഹത്തിന്റെ പേര് കൂടി അന്ന് ഹൈക്കമാന്‍ഡിന് നല്‍കുകയായിരുന്നു. ഇങ്ങനെ എല്ലാം ഘട്ടത്തിലും അദ്ദേഹത്തെ താന്‍ സഹായിച്ചിട്ടേയുള്ളൂ എന്നും എന്തൊക്കെ സഹായം ചെയ്തുവെന്ന് പരസ്യമായി പറയുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.