മലയിന്‍കീഴ് പീഡനക്കേസിലെ പ്രതിയും ഡിവൈഎഫ്ഐ നേതാവുമായ ജിനേഷിനെതിരേ മുമ്പും ആരോപണങ്ങളുയര്‍ന്നതിന്റെ തെളിവുകള്‍ പുറത്ത്.
ആറു വര്‍ഷം മുന്‍പും തെളിവ് സഹിതം ജിനേഷിനെതിരെ ഗുരുതര ആരോപണവുമായി യുവതി രംഗത്ത് എത്തിയിരുന്നു.
തന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ വിവിധ അശ്ലീല വാട്സാപ്പ് ഗ്രൂപ്പുകളില്‍ ജിനേഷ് പങ്കുവച്ചത് യുവതി കണ്ടെത്തി.
സംഭവത്തില്‍ തെളിവുകള്‍ സഹിതം കേസു കൊടുക്കാന്‍ യുവതി തീരുമാനിച്ചപ്പോള്‍ പാര്ട്ടിക്കാര് വിഷയത്തില്‍ ഇടപെടുകയായിരുന്നു.
എന്നാല്‍ യുവതി പിന്മാറിയില്ല. ഒടുവില്‍ ജിനേഷിന്റെ മാതാപിതാക്കള്‍ ക്ഷമിക്കണമെന്നു അപേക്ഷിച്ചപ്പോള്‍ ഗാന്ധി ഭവനില്‍ 25000 രൂപ അടച്ച് രസീത് കാണിച്ചാല്‍ പരാതി കൊടുക്കില്ലെന്ന് യുവതി നിലപാടെടുക്കുകയായിരുന്നു.
ഇത് നടപ്പായതോടെയാണ് നിയമനടപടികളിലേക്ക് യുവതി പോകാതിരുന്നത്. പക്ഷേ, ഈ വിഷയം അന്ന് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.
ജിനേഷിന്റെ നാട്ടുകാരിയായിരുന്ന യുവതി ഇപ്പോള്‍ എറണാകുളത്താണ് താമസം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാട്ടിലെ തോട്ടില്‍ മാലിന്യം ഒഴുക്കുന്നത് തടയുന്നതിനാണ് ഡിവൈഎഫ്ഐ നേതാവായിരുന്ന ജിനേഷിന്റെ സഹായം യുവതി തേടിയത്.
അതിന്റെ ഭാഗമായി യുവതിയുടെ നമ്പര്‍ കൈക്കലാക്കിയ ഇയാള്‍ അത് ദുരുപയോഗം ചെയ്യുകയായിരുന്നു. അപരിചിതര്‍ നിന്ന് നിരന്തരം ഫോണ്‍ കോളുകളും മെസേജുകളും വരാന്‍ തുടങ്ങിയപ്പോഴാണ് യുവതി സ്വയം അന്വേഷിക്കാന്‍ തുടങ്ങിയത്.
കഴിഞ്ഞ ദിവസമാണ് പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ ജിനേഷ് ഉള്‍പ്പെടെ എട്ട് പേരെ മലയിന്‍കീഴ് പോലീസ് അറസ്റ്റ് ചെയ്തത്.
ഫോണ്‍ പരിശോധിച്ചപ്പോള്‍ മുപ്പതോളം സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന വീഡിയോകള്‍ കണ്ടെത്തുകയും ചെയ്തു.
ഇതുകൂടാതെ പെണ്‍കുട്ടികള്‍ക്ക് ലഹരി വസ്തുക്കള്‍ കൊടുക്കുന്ന വീഡിയോകളും ഇതില്‍ ഉണ്ട്. ലഹരി മരുന്നും മാരകായുധങ്ങളും ഉപയോഗിക്കുന്നതിന്റെ വീഡിയോകളും ഫോണില്‍ പോലീസ് കണ്ടെത്തി.
കൂടുതല്‍ അന്വേഷണത്തിനായി ഫോണ്‍ സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ടെന്നും മലയിന്‍കീഴ് പോലീസ് പറഞ്ഞു.
പ്രതികള്‍ ഇപ്പോള്‍ റിമാന്‍ഡില്‍ ആണ്. സ്ത്രീ സുരക്ഷയ്ക്കും ലഹരിക്ക് എതിരെയും ഒട്ടേറെ പരിപാടികള്‍ സംഘടിപ്പിക്കുന്ന ഡിവൈഎഫ്ഐയുടെ നേതാവ് തന്നെ സമാന സംഭവത്തില്‍ പിടിയിലായത് പ്രാദേശിക തലത്തില്‍ സിപിഎമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ്.