ലഹരിയ്ക്കെതിരേ ഘോരഘോരം പ്രസംഗിക്കുന്ന ഡിവൈഎഫ്ഐ നേതാവ് ജിനേഷിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച പോലീസ് അക്ഷരാര്‍ഥത്തില്‍ അമ്പരന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടേതുള്‍പ്പെടെ മുപ്പതോളം സ്ത്രീകളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന വീഡിയോകളാണ് ഇയാളുടെ ഫോണില്‍ നിന്ന് പോലീസ് കണ്ടെത്തിയത്. ഇത് കൂടുതല്‍ സാങ്കേതികപരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
ഡി.വൈ.എഫ്.ഐ. മേഖലാ കമ്മിറ്റി പ്രസിഡന്റായ ജിനേഷിന് ഹിന്ദിയിലും ഇക്കണോമിക്സിലും ബിരുദാനന്തരബിരുദമുണ്ട്.
പെണ്‍കുട്ടികള്‍ക്ക് ലഹരിവസ്തുക്കള്‍ കൊടുക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. കത്തി, കഠാര, വാള് തുടങ്ങിയ മാരകായുധങ്ങളുപയോഗിക്കുന്നതിന്റെ ദൃശ്യവും ഇയാള്‍ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ട്.
പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഇയാള്‍ ഉള്‍പ്പെടെ എട്ടുപേരെ മലയിന്‍കീഴ് പോലീസ് അറസ്റ്റു ചെയ്തിരുന്നു
സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പെണ്‍കുട്ടിയെ ഉപദ്രവിച്ചെന്നാണ് കേസ്.
ഡി.വൈ.എഫ്.ഐ. വിളവൂര്‍ക്കല്‍ മേഖലാ കമ്മിറ്റി പ്രസിഡന്റും സാമൂഹിക പ്രവര്‍ത്തകനുമായ ജെ.ജിനേഷ്(29), തൃശ്ശൂര്‍ കുന്ദംകുളം കോനത്തുവീട് മേത്തല എസ്.സുമേജ്(21), മലയം ചിത്തിരയില്‍ എ.അരുണ്‍(മണികണ്ഠന്-27), വിളവൂര്‍ക്കല്‍ തൈവിള തുണ്ടുവിള തുറവൂര്‍ വീട്ടില്‍ സിബി(20), ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന പൂഴിക്കുന്ന പൊറ്റവിള വീട്ടില്‍ വിഷ്ണു(23), വിഴവൂര്‍ തോട്ടുവിള ഷാജി ഭവനില്‍ അഭിജിത്ത്(26), മച്ചേല്‍ പ്ലാങ്കോട്ടുമുകള്‍ ലക്ഷ്മിഭവനില്‍ അച്ചു അനന്തു (18) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
അറസ്റ്റിലായ പ്ലസ്ടു വിദ്യാര്‍ഥിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. കുന്ദംകുളം സ്വദേശി സുമേജ് ഒഴികേയുള്ള പ്രതികളെല്ലാം കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കുകയും വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തതായി പോലീസ് പറഞ്ഞു.
രണ്ട് ബിരുദാനന്തര ബിരുദമുള്ള ജിനേഷ് ലഹരിക്കെതിരായ പ്രാദേശിക കൂട്ടായ്മയുടെ നേതൃത്വം വഹിക്കുന്നയാളാണ്.
ഇയാള്‍ ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നതിന്റെയും മറ്റുള്ളവര്‍ക്കു നല്കുന്നതിന്റെയും വീഡിയോയും പോലീസിനു ലഭിച്ചിട്ടുണ്ട്.
പെണ്‍കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് അമ്മ നല്കിയ പരാതിയെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡനപരമ്പര വെളിപ്പെട്ടത്.
ഡിസംബര്‍ രണ്ടിനാണ് കുട്ടിയുടെ അമ്മ മലയിന്‍കീഴ് പോലീസിന് പരാതി നല്‍കിയത്. വീട്ടില്‍നിന്നു പുറപ്പെട്ട പെണ്‍കുട്ടിയെ ഫോണില്‍ കിട്ടാത്തതിനെ തുടര്‍ന്നാണ് അമ്മ പോലീസിനെ സമീപിച്ചത്.
പരാതി ലഭിച്ച ഉടന്‍ മലയിന്‍കീഴ് എസ്.എച്ച്.ഒ. പ്രതാപചന്ദ്രന് സൈബര്‍ സെല്ലിനെ വിവരമറിയിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തി.
ആറുദിവസം മുന്‍പ് ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട തൃശ്ശൂര്‍ കുന്ദംകുളം സ്വദേശി സുമേജിനെ കാണാനെത്തിയതായിരുന്നു പെണ്‍കുട്ടി.
തൃശ്ശുരില്‍ കാറ്ററിങ് തൊഴിലാളിയാണിയാള്‍. സുമേജിനൊപ്പം നാടുവിടാനുള്ള തീരുമാനത്തിലായിരുന്നു പെണ്‍കുട്ടി. പോലീസെത്തുമ്പോള്‍ ഇരുവരും കണ്ടുമുട്ടിയിരുന്നില്ല.
ഇതിനുശേഷം സുമേജിനെ റെയില്‍വേ സ്റ്റേഷനില്‍ നിന്നു പോലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ ചിത്രം മറ്റുള്ളവര്‍ക്ക് കൈമാറിയതിനാണ് സുമേജിനെ പ്രതിയാക്കിയത്.
തുടര്‍ന്ന് മെഡിക്കല്‍ പരിശോധന നടത്തിയപ്പോഴാണ് രണ്ടു വര്‍ഷമായി പലരില്‍ നിന്നുമുണ്ടായ പീഡനത്തെക്കുറിച്ച് കുട്ടി ഡോക്ടറോട് പറഞ്ഞത്.
സ്വന്തം വീട്ടില്‍ തന്നെയാണ് പീഡനങ്ങള്‍ നടന്നതെന്ന് പെണ്‍കുട്ടി പോലീസിനോടു പറഞ്ഞു. ആദ്യം പരിചയപ്പെട്ട ആളില്‍നിന്ന് ഫോണ്‍ നമ്പര്‍ കൈക്കലാക്കിയാണ് മറ്റുള്ളവര്‍ പെണ്‍കുട്ടിയുമായി അടുക്കുന്നത്.
സോഷ്യല്‍ മീഡിയ വഴി ചാറ്റ് ചെയ്താണ് ഇവരെല്ലാം ബന്ധങ്ങള്‍ സ്ഥാപിച്ചത്. പലരും ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് പെണ്‍കുട്ടിയെ കൂടുതല്‍ ചൂഷണം ചെയ്തെന്നും പോലീസ് സംശയിക്കുന്നു.
റൂറല്‍ ജില്ലാ പോലീസ് മേധാവി ഡി.ശില്പയുടെ നിര്‍ദ്ദേശമനുസരിച്ച് കാട്ടാക്കട ഡിവൈ.എസ്.പി. അനില്‍കുമാറിന്റെയും മലയിന്‍കീഴ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എ.ജി.പ്രതാപചന്ദ്രന്റെയും നേതൃത്വത്തില്‍ രൂപവത്കരിച്ച 15 അംഗ പ്രത്യേക സംഘമാണ് കേസന്വേഷണം നടത്തി വേഗത്തില്‍ പ്രതികളെ പിടികൂടിയത്.