ന്യൂഡൽഹി: മിടുക്കരായ ലക്ഷക്കണക്കിന് ഇന്ത്യക്കാർ പൗരത്വം ഉപേക്ഷിച്ച് വിദേശത്തേക്കു കുടിയേറുന്നത് രാജ്യത്തു നിലനിൽക്കുന്ന ഭയത്തിന്റെയും ഭീഷണിയുടെയും അന്തരീക്ഷത്തിന്റെ പ്രതിഫലനമാണെന്ന് കോണ്ഗ്രസ്.
കഴിഞ്ഞവർഷം മാത്രം 2.16 ലക്ഷം ഇന്ത്യക്കാർ തങ്ങളുടെ പൗരത്വം ഉപേക്ഷിച്ചുവെന്ന് കേന്ദ്രസർക്കാർ പാർലമെന്റിൽ രേഖാമൂലം നൽകിയ മറുപടി രാജ്യത്തിന്റെ നികുതി അടിത്തറ ചുരുക്കുന്ന സാമ്പത്തിക പരിഹാസമായി മാറിയെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് എംപി ആരോപിച്ചു.
രണ്ടാം മോദി സർക്കാരിന്റെ 2019 മുതലുള്ള അഞ്ചു വർഷക്കാലത്ത് മാത്രം 8.33 ലക്ഷം പേർ സ്വയം ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചതായി സർക്കാരിന്റെ കണക്ക് വ്യക്തമാക്കി. വിദ്യാസന്പന്നരും ഉയർന്ന വൈദഗ്ധ്യവും ആസ്തിയുമുള്ളവരാണ് രാജ്യവും പൗരത്വവും ഉപേക്ഷിക്കുന്നത്.
വൻ ബിസിനസുകാർ അടക്കമുള്ളവരും പ്രഫഷണലുകളും സിംഗപ്പുർ, യുഎഇ, യുകെ തുടങ്ങിയ സ്ഥലങ്ങളിലേക്ക് സ്ഥിരതാമസം മാറുകയാണ്. 2011 നേക്കാൾ ഇരട്ടിയോളം ആളുകളാണ് 2023ൽ പൗരത്വം ഉപേക്ഷിച്ചത്. 2011ൽ 123,000 പേർ പൗരത്വം വേണ്ടെന്നു വച്ച സ്ഥാനത്ത് കഴിഞ്ഞവർഷം 2.16 ലക്ഷം പേരായാണു കൂടിയതെന്ന് കേന്ദ്രസർക്കാരിന്റെ തന്നെ കണക്ക് പറയുന്നുവെന്ന് ജയ്റാം ചൂണ്ടിക്കാട്ടി.
പത്തു ലക്ഷം ഡോളറിൽ കൂടുതൽ ആസ്തിയുള്ള 17,000 കോടീശ്വരന്മാർ കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഇന്ത്യ വിട്ടതായി ആഗോള നിക്ഷേപ കുടിയേറ്റ ഉപദേശക സ്ഥാപനം വെളിപ്പെടുത്തിയിട്ടുണ്ട്. സുതാര്യമല്ലാത്തതും ഏകപക്ഷീയവുമായ നികുതിനയങ്ങളുടെ പ്രതിഫലനം കൂടിയാണിത്. പലായനം കൂടുന്നതുവഴിയുള്ള ഇന്ത്യയുടെ നികുതി നഷ്ടം ഗുരുതരമാണ്.
ഏതാനും വർഷങ്ങൾക്കുള്ളിൽ നികുതിവരുമാന അടിത്തറയെ ഗുരുതരമായി ചുരുക്കുന്ന സാന്പത്തിക പരിഹാസമാണിതെന്നും ജയ്റാം രമേശ് പറഞ്ഞു. ഇന്ത്യൻ പൗരന്മാരുടെ കൂട്ടത്തോടെയുള്ള വിദേശ പലായനം മൂലം രാജ്യത്തിനുണ്ടാകുന്ന സാന്പത്തിക, ബൗദ്ധിക നഷ്ടം നിർണയിക്കാൻ കേന്ദ്രം ശ്രമിച്ചിട്ടുണ്ടോയെന്ന് ആം ആദ്മി പാർട്ടി എംപി രാഘവ് ഛദ്ദ രാജ്യസഭയിൽ ചോദിച്ചിരുന്നു.
പ്രത്യേക ലേഖകൻ