കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറും സ്വപ്ന സുരേഷും തമ്മിലുള്ള കൂടുതൽ വാട്സാപ്പ് ചാറ്റുകൾ പുറത്തുവന്നു.
2019 സെപ്റ്റംബറിൽ ഇരുവരും നടത്തിയ ചാറ്റുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. യുഎഇയിലെ റെഡ്ക്രസന്റിനെ എങ്ങനെയാണ് ലൈഫ് മിഷൻ പദ്ധതിയിലേക്ക് കൊണ്ടുവരേണ്ടതെന്നാണ് ശിവശങ്കർ ചാറ്റിൽ ഉപദേശിക്കുന്നത്.
റെഡ് ക്രസന്റ് സർക്കാരിന് നൽകേണ്ട കത്തിന്റെ രൂപരേഖയും ശിവശങ്കർതന്നെ തയാറാക്കി നൽകി. കോണ്‍സുലേറ്റിന്റെ കത്തുകൂടി ചേർത്ത് മുഖ്യമന്ത്രിക്ക് കത്ത് നൽകാനും ചാറ്റിൽ നിർദേശിക്കുന്നുണ്ട്.
ഇരുകത്തുകളും തയാറാക്കി തനിക്ക് കൈമാറാനും ശിവശങ്കർ ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നയാളെ വിളിക്കാനും സ്വപ്നയ്ക്ക് നിർദേശം നൽകിയതായും ചാറ്റിൽ വ്യക്തമാണ്.
2019 ജൂലൈ 31ന് രാത്രി 11.46ന് അയച്ച മറ്റൊരു സന്ദേശത്തിൽ നിനക്കൊരു ജോലി വാങ്ങിനല്‍കണമെന്നു മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും താഴ്ന്ന തരത്തിലുള്ള ജോലിയാണെങ്കിലും ശമ്പളം ഇരട്ടിയായിരിക്കുമെന്നും ശിവശങ്കര്‍ സ്വപ്നയോടു വ്യക്തമാക്കുന്നു.
ശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്നും ഒന്നിലും കാര്യമായി ഇടപെടാതെ ഒഴിഞ്ഞുനില്‍ക്കണമെന്നും എന്തെങ്കിലും വീഴ്ചയുണ്ടായാല്‍ എല്ലാം സ്വപ്നയുടെ തലയില്‍ ഇടുമെന്നും സന്ദേശത്തിൽ മുന്നറിയിപ്പു നല്‍കുന്നുണ്ട്.
എല്ലാക്കാര്യങ്ങളും ശ്രദ്ധിക്കാമെന്നും സരിത്തും ഖാലിദും കാര്യങ്ങള്‍ നോക്കിക്കൊള്ളുമെന്നുമാണു സ്വപ്ന നല്കുന്ന മറുപടി.
ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയില്‍ നല്കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലും കസ്റ്റഡി അപേക്ഷയിലുമാണ് ഇക്കാര്യങ്ങള്‍ ഇഡി ചൂണ്ടിക്കാട്ടുന്നത്. കോഴപ്പണം വരുന്നതിന്റെ തലേന്നു നടത്തിയ ചാറ്റുകളാണ് ഇതെന്നാണ് ഇഡി പറയുന്നത്.
ലൈഫ് മിഷൻ ഇടപാടിൽ യുഎഇ റെഡ്ക്രസന്റിനെ എത്തിക്കാൻ ശിവശങ്കർ ആസൂത്രിത നീക്കം നടത്തിയെന്ന നിലയിലാണ് ഇഡിയും സിബിഐയും ഈ ചാറ്റിനെ കാണുന്നത്. ഇത് ശിവശങ്കറിനെ കൂടുതൽ കുരുക്കിലേക്ക് നയിക്കും.