പരിയാരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. പരിയാരം ശ്രീസ്ഥ സ്വദേശി സച്ചിനെയാണ് പരിയാരം സിഐ എം.പി. വിനീഷ്കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
പരിയാരം പോലീസ് പോക്സോ കേസെടുത്ത ഉടനെ ഒളില്‍ പോയ സച്ചിനെ ശനിയാഴ്ച രാത്രി നെല്ലിക്കാംപൊയിലില്‍ വച്ചാണ് പോലീസ് പിടികൂടിയത്. 2023 അവസാനമാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഫോട്ടോ മോർഫ് ചെയ്ത് സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു.
2022ൽ സമാനമായ സംഭവത്തില്‍ സച്ചിന് അറസ്റ്റിലായിരുന്നു. അമ്മയുടെയും മകളുടെയും ഇരുപതിലേറെ ഫോട്ടോകളാണ് ഇത്തരത്തില്‍ മോര്‍ഫ് ചെയ്തത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്.
കുടുംബവുമായി അടുത്ത ബന്ധമുള്ളവരാണ് സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് പോലീസിന് വ്യക്തമായെങ്കിലും സച്ചിന് പരാതി നല്‍കാനും മറ്റുമായി ഇവരോടൊപ്പം ഉണ്ടായിരുന്നതിനാല്‍ സംശയിച്ചതേയില്ല. മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാമിലും മറ്റ് സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിപ്പിക്കുകയായിരുന്നു.