എടമുട്ടം: നിയന്ത്രണംവിട്ട ടെന്പോട്രാക്സ് ഇടിച്ച് പ്രഭാതസവാരിക്ക് ഇറങ്ങിയ രണ്ടുപേർ മരിച്ചു. എടമുട്ടം പാലപ്പെട്ടി കൊടുങ്ങല്ലൂക്കാരൻ മുഹമ്മദ് മകൻ ഹംസ (72), ബന്ധുവായ പാലപ്പെട്ടി കൊടുങ്ങല്ലൂക്കാരൻ അടിമ മകൻ ബീരാൻകുട്ടി (73) എന്നിവരാണ് മരിച്ചത്. ഇന്നുരാവിലെ ഏഴോടെയാണ് അപകടം.
മംഗലാപുരം ഭാഗത്തുനിന്ന് തെക്കോട്ട് പോയിരുന്ന കർണാടക സ്വദേശികൾ സഞ്ചരിച്ചിരുന്ന ടെന്പോട്രാക്സ് നിയന്ത്രണം വിട്ട് കാൽനടയാത്രക്കാരെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ഇരുവരെയും നാട്ടുകാർ ഓടിക്കൂടി രക്ഷപ്പെടുത്താൻ ശ്രമിച്ചു.
തൃപ്രയാർ, ചെന്ത്രാപ്പിന്നി ആക്ട്സുകളുടെ ആംബുലൻസുകളിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരുടെയും പിറകുവശത്തുനിന്നാണ് ടെന്പോട്രാക്സ് ഇടിച്ച് വീഴ്ത്തിയതെന്ന് പറയുന്നു. വാദ്യകലാകാരന്മാരാണ് ടെന്പോ ട്രാക്സിൽ ഉണ്ടായിരുന്നത്. ഇവർക്ക് പരിക്കേറ്റിട്ടില്ല. ഡ്രൈവർ ഉറങ്ങിയതാകാം അപകടകാരണമെന്ന് സംശയിക്കുന്നതായി വലപ്പാട് പോലീസ് പറഞ്ഞു. ആൽഫ ചെയർമാൻ കെ.എം. നൂറുദ്ദീന്റെ ജ്യേഷ്ഠനാണ് മരിച്ച ഹംസ. വലപ്പാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.