റായ്പുർ: മരണം കാതടപ്പിക്കുന്ന വെടിശബ്ദമായി തൊട്ടരുകിൽ. അയാൾ വെറുംനിലത്ത് മണ്ണിനോട് ഒട്ടിച്ചേർന്നു കിടന്ന് തന്റെ ഫോൺ കാമറ തുറന്നു. അതിൽ നോക്കിപ്പറഞ്ഞു, “അമ്മേ, ഞാൻ രക്ഷപെടുമോ എന്നറിയില്ല. അമ്മേ, ഞാൻ നിങ്ങളെ വളരെ അധികം സ്നേഹിക്കുന്നു’. ഛത്തീസ്ഗഡിലെ ദന്തേവാഡയിൽ മാവോയിസ്റ്റുകളുടെ തോക്കിനു തൊട്ടുതാഴെ കുറ്റിക്കാട്ടിൽ മറഞ്ഞിരുന്ന് ദൂരദർശൻ ന്യൂസ് അസിസ്റ്റന്റ് കാമറമാൻ മൊർമുക്ത് ശർമ ചിത്രീകരിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി പടരുകയാണ്.
മാവോയിസ്റ്റുകൾ ഏതാനും മീറ്റർ മാത്രം അകലെനിന്നു വെടിയുതിർക്കുമ്പോഴാണ് ശർമ തന്റെ അമ്മയ്ക്കുള്ള സന്ദേശം കാമറയിലാക്കിയത്. ആക്രമണം നടക്കുമ്പോൾ കുറ്റിക്കാട്ടിൽ നിലത്തുകിടന്ന് മൊബൈൽ ഫോൺ കാമറ ഓൺ ആക്കിയാണ് ശർമ ഇത് ചിത്രീകരിച്ചത്.
“ഇവിടെ മാവോയിസ്റ്റുകളുടെ ആക്രമണം നടക്കുകയാണ്. ഞങ്ങൾ ദന്തേവാഡയിൽ തെരഞ്ഞെടുപ്പ് പ്രചാരണം റിപ്പോർട്ട് ചെയ്യാൻ എത്തിയതാണ്. സൈന്യം ഞങ്ങൾക്കൊപ്പം ഉണ്ട്. പെട്ടെന്ന് നക്സലുകൾ ഞങ്ങളെ വളഞ്ഞു. മമ്മി, ഞാൻ രക്ഷപെടില്ല. മമ്മി, ഞാൻ നിങ്ങളെ വളരെ അധികം സ്നേഹിക്കുന്നു. ഇവിടുത്തെ സാഹചര്യം വളരെ മോശമാണ്. ഞങ്ങൾ വളയപ്പെട്ടിരിക്കുന്നു. എന്തുകൊണ്ടാണെന്നറിയില്ല മരണത്തെ മുഖാമുഖം കാണുമ്പോഴും ഭയം തോന്നുന്നില്ല’- മൊർമുക്ത് ശർമ വീഡിയോയിൽ പറയുന്നു.
ഈ ആക്രമണത്തിൽ മൊർമുക്ത് ശർമയുടെ സഹപ്രവർത്തകൻ കാമറാമാൻ അച്യുതാനന്ദ് സാഹുവും രണ്ടു പോലീസുകാരും കൊല്ലപ്പെട്ടിരുന്നു. ദന്തേവാഡ ജില്ലയിലെ നിലാവായ ഗ്രാമത്തിൽ ചൊവ്വാഴ്ച രാവിലെ പതിനൊന്നോടെയായിരുന്നു ആക്രമണം. നൂറോളം മാവോയിസ്റ്റുകളായിരുന്നു ആക്രമണം നടത്തിയത്. സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തിൽ മൂന്നു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു.
റോഡ് നിർമാണത്തിനു സുരക്ഷയൊരുക്കിയ സിആർപിഎഫ് പട്രോളിംഗ് സംഘത്തെ ലക്ഷ്യമിട്ടായിരുന്നു മാവോയിസ്റ്റ് ആക്രമണം. ദൗർഭാഗ്യവശാൽ, ആക്രമണ ത്തിൽ മൂന്നംഗ ദൂരദർശൻ സംഘവും പെട്ടുപോകുകയായിരുന്നു. പോലീസുകാർക്കൊപ്പം മോട്ടോർ സൈക്കിളിൽ നിലവായയിലേക്കു പോകുകയായിരുന്നു ഡൽ ഹിയിൽനിന്നുള്ള ദൂരദർശൻ സംഘം. തെരഞ്ഞെടുപ്പ് റിപ്പോർട്ടിംഗിനെത്തിയ ഇവർ ഏതാനും ദിവസങ്ങളായി പ്രദേശത്തുണ്ടായിരുന്നു.
നിലവായയിലെത്തുന്നതിനു തൊട്ടു മുമ്പ് മരച്ചില്ലയിൽ സ്ഥാപിച്ച മാവോയിസ്റ്റ് പോസ്റ്റർ ശ്രദ്ധയിൽപ്പെട്ട കാമറാമാൻ അച്യുതാനന്ദ് സാഹു മോട്ടോർസൈക്കിളിൽ നിന്നിറങ്ങി മരത്തിനു സമീപത്തേക്കു നടന്നു. പെട്ടെന്ന് നൂറോളം മാവോയിസ്റ്റുകൾ പോലീസിനു നേർക്ക് തുരുതുരാ വെടിവയ്പ് ആരംഭിച്ചു. സാഹുവായിരുന്നു ആദ്യം വെടിയേറ്റു വീണത്. തുടർന്ന് രണ്ടു പോലീസുകാരും കൊല്ലപ്പെട്ടു. ഉടൻ കൂടുതൽ സുരക്ഷാസേന സ്ഥലത്തെത്തി ശക്തമായ പ്രത്യാക്രമണം നടത്തി.