ലണ്ടന്‍: ആഡംബര പൂര്‍ണമായ ജീവിതം ആഗ്രഹിച്ചാണ് ഇസ്ലാം മെയ്താത് എന്ന മൊറോക്കോക്കാരി ഖലീല്‍ അഹമ്മദ് എന്ന അഫ്ഗാന്‍ വ്യവസായിയെ വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹശേഷം മധുവിധു ആഘോഷിക്കുന്നതിനു പകരം ഖലീല്‍ മെയ്താതിനെ കൊണ്ടുപോയത് സിറിയയിലെ ഐഎസ് കേന്ദ്രത്തിലേക്കായിരുന്നു. ഐഎസില്‍ ചേര്‍ന്ന ഭര്‍ത്താവ് മരണപ്പെട്ടതോടെ മെയ്താതിന് രണ്ടുവട്ടം കൂടി വിവാഹം കഴിക്കേണ്ടി വന്നു. രണ്ടു കുട്ടികളും ഇതിനിടയില്‍ പിറന്നു. ഇപ്പോള്‍ ജന്മനാടായ മൊറോക്കോയിലെത്താനുള്ള ശ്രമത്തിലാണ് മെയ്താത്.
ബ്രിട്ടനില്‍ വ്യവസായിയായ ഖലീലിനെ വിവാഹം കഴിച്ചതിനു ശേഷം ബ്രിട്ടനില്‍ സുഖമായി ജീവിക്കാമെന്നായിരുന്നു മെയ്താത് കരുതിയത്. എന്നാല്‍, ഭീകരസംഘടനയിലേക്ക് ആകര്‍ഷിക്കപ്പെട്ട ഖലീല്‍ അവളെ കൊണ്ടുപോയത് സിറിയയിലേക്കും. ഫാഷന്‍ ഡിസൈനറാകാന്‍ കൊതിച്ച മെയ്താത് അങ്ങനെ വടക്കന്‍ സിറിയയിലെ ഐസിസ് കേന്ദ്രത്തിലെത്തപ്പെട്ടു. അധികം താമസിക്കാതെ തന്നെ ഖലീല്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഇതോടെ മെയ്താതിന്റെ നിലനില്‍പ്പ് തന്നെ അനശ്ചിതത്വത്തിലായി. സ്വന്തം സുരക്ഷയെ കരുതി അവള്‍ക്ക് രണ്ട് ഐഎസ് ഭീകരരെ വിവാഹം കഴിക്കേണ്ടി വന്നു. മൂന്നുവര്‍ഷത്തെ നരകയാതനകള്‍ക്കുശേഷം അബ്ദുള്ള, മരിയ എന്നീ രണ്ടു മക്കള്‍ക്കൊപ്പം റഖയിലെ ഐസിസ് കേന്ദ്രത്തില്‍നിന്ന് അവള്‍ രക്ഷപ്പെട്ടു. ഖുര്‍ദിഷ് ശക്തികേന്ദ്രമായ ഖ്വാമിഷിയിലാണ് മെയ്താത് ഇപ്പോഴുള്ളത്.
അനേകം നുണകള്‍ പറഞ്ഞു വിശ്വസിപ്പിച്ചാണ് ഖലീല്‍ മെയ്താതിനെ വിവാഹം ചെയ്തത്. മൊറോക്കോയില്‍ വച്ച് മെയ്താതിനെ വിവാഹം കഴിച്ച ഖലീല്‍ അവളെ ആദ്യം ദുബായിലേക്കാണ് കൊണ്ടു പോയത്. അവിടെ നിന്ന് ലണ്ടനിലേക്കുള്ള ഏളുപ്പമാര്‍ഗം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇസ്താംബൂളുവഴി റാഖയിലെത്തിക്കുകയായിരുന്നു.
ആദ്യ കുട്ടിയെ ഗര്‍ഭിണിയായിരിക്കുമ്പോഴാണ് ഖലീല്‍ കൊല്ലപ്പെടുന്നത്. ഭീകരരുടെ വിധവകള്‍ താമസിക്കുന്ന കേന്ദ്രത്തിലായി പിന്നീടുള്ള വാസം. ഗര്‍ഭിണിയായിരിക്കുമ്പോഴും തനിക്ക് സൈനിക പരിശീലനം നല്‍കിയിരുന്നെന്ന് മെയ്താത് പറയുന്നു.
ഭീകരകേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി മറ്റൊരു അഫ്ഗാന്‍കാരനായ അബ്ദുള്ളയെ വിവാഹം കഴിച്ചെങ്കിലും രണ്ടുമാസത്തിനു ശേഷം അയാള്‍ മെയ്താതിനെ മൊഴിചൊല്ലി. പിന്നീടാണ് ഇന്ത്യക്കാരനായ അബു തല്‍ഹയെ വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തില്‍ ജനിച്ചതാണ് രണ്ടാമത്തെ കുട്ടി. ഒന്നര വര്‍ഷത്തിനു ശേഷം തല്‍ഹയും കൊല്ലപ്പെട്ടതോടെയാണ് എങ്ങനെയും രക്ഷപ്പെടണമെന്ന മോഹം മെയ്താതിന് തോന്നിത്തുടങ്ങിയത്. ലണ്ടനില്‍ ഫാഷന്‍ ഡിസൈനറാവണമെന്ന മോഹമൊന്നും അവള്‍ക്കിപ്പോഴില്ല. എങ്ങനെയും നാട്ടില്‍ എത്തിപ്പെടണമെന്ന മോഹം മാത്രമേ അവശേഷിക്കുന്നുള്ളൂ.