ജലക്ഷാമമാണ് ഇപ്പോള്‍ ലോകത്ത് ആളുകള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രധാന പ്രശ്‌നം. ജലസംഭരണത്തിനുള്ള വിവിധ മാര്‍ഗങ്ങള്‍ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ജനങ്ങളിപ്പോള്‍. അസാധാരണമായ വിധത്തിലുള്ള ഒരു ജലസംഭരണ കഥയാണ് മൊറോക്കോയില്‍ നിന്ന് പുറത്തുവരുന്നത്. വെള്ളമില്ലാത്തതിനെത്തുടര്‍ന്ന് ജനം നാടുവിട്ടുപോകുന്ന അനുഭവങ്ങള്‍ മൊറോക്കോയിലെ ജനങ്ങള്‍ക്ക് പുതിയതല്ല. അത്രമാത്രം രൂക്ഷമാകാറുണ്ട് ഗ്രാമങ്ങളിലെ, പ്രത്യേകിച്ച് പര്‍വതമേഖലകളിലെ, ജലക്ഷാമം. ഉയര്‍ന്ന ജനസംഖ്യയാണ് ഇവര്‍ക്ക് പ്രധാന തിരിച്ചടിയാവുന്നത്. ദിവസവും നാലും അഞ്ചും മണിക്കൂര്‍ യാത്ര ചെയ്ത് അയല്‍ഗ്രാമങ്ങളില്‍ നിന്നു വേണം വെള്ളം കൊണ്ടു വരാന്‍. അതും സ്ത്രീകളുടെ ജോലിയാണ്. ജലം ശേഖരിക്കുക എന്ന ഒറ്റക്കാരണത്താല്‍ പഠനം നടത്താന്‍ സാധിക്കാത്ത സ്ത്രീകളാണ് ഇവിടുള്ളത്. ജലം എന്ന നിലയില്‍ മൊറോക്കോയിലെ സിദി ഇഫ്‌നി മേഖലയില്‍ ആകെ ലഭിക്കുന്നത് മൂടല്‍മഞ്ഞ് മാത്രമാണ്. അതാകട്ടെ ഡിസംബര്‍ മുതല്‍ ജൂണ്‍ വരെ സുലഭവുമാണ്. പക്ഷേ മൂടല്‍മഞ്ഞിനെ പ്രദേശവാസികള്‍ ശപിക്കുകയാണു പതിവ്. കാരണം മഞ്ഞു കാരണമാണ് മഴയുണ്ടാകാത്തതെന്നായിരുന്നു അവരുടെ വിശ്വാസം. മാത്രവുമല്ല അതവരുടെ കൃഷിഭൂമിയെ ചെളി നിറഞ്ഞതാക്കി, പലരെയും രോഗികളുമാക്കി.
പക്ഷേ ദര്‍ സി ഹമ്ദ് എന്നൊരു സംഘടന ഇവിടത്തെ മൂടല്‍മഞ്ഞിന്റെ പാറ്റേണ്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. തീരപ്രദേശത്തു ലഭിക്കുന്ന മൂടല്‍മഞ്ഞിനെക്കാള്‍ കട്ടിയേറിയതാണ് പര്‍വതമേഖലയിലുള്ളത്. അതിനാല്‍ത്തന്നെ ജലസമൃദ്ധവും. സാഹചര്യം അനുകൂലമായതോടെ മൂടല്‍മഞ്ഞിനെ ‘കൊയ്‌തെടുക്കാനുള്ള’ ശ്രമങ്ങള്‍ തുടങ്ങി. അനേകം വര്‍ഷങ്ങളായി പ്രചാരത്തിലുള്ളതാണ് ‘ക്ലൗഡ് ഫിഷിങ്’ സാങ്കേതികത വഴിയുള്ള ജലശേഖരണം. വലിയ വലകള്‍ സ്ഥാപിച്ച് അവയില്‍ മൂടല്‍മഞ്ഞിനെ ‘കുടുക്കി’ അവ ഘനീഭവിപ്പിച്ച് അങ്ങനെ ലഭിക്കുന്ന ജലം പൈപ്പുകളിലൂടെ ശേഖരിക്കുന്നതാണ് രീതി. 2006 മുതല്‍ ഇത് പരീക്ഷിക്കുന്നുണ്ടെങ്കിലും 2013ല്‍ ഇവര്‍ക്ക് ജര്‍മന്‍ വാട്ടര്‍ ഫൗണ്ടേഷന്റെ സഹായം ലഭിച്ചു. അങ്ങനെ ഏറ്റവും പുതിയ സാങ്കേതികത ഉപയോഗപ്പെടുത്തി കൂടുതല്‍ വലകളും സ്ഥാപിച്ചു. ഇഴയടുപ്പം കുറഞ്ഞ പോളിമര്‍നെറ്റുകള്‍ സ്റ്റീല്‍ ബാറുകളില്‍ ഘടിപ്പിക്കുകയായിരുന്നു ചെയ്തത്. ബൂട്ട്‌മെസ്ഗ്വിദ പര്‍വതപ്രദേശങ്ങളില്‍ സ്ഥാപിച്ച അവയെ കാറ്റില്‍ നിന്നു പ്രതിരോധിക്കാനുള്ള സംവിധാനങ്ങളും ഉറപ്പിച്ചിരുന്നു. പര്‍വതത്തിന്റെ 1225 മീറ്റര്‍ ഉയരത്തില്‍ നിന്നുവരെ മൂടല്‍മഞ്ഞിനെ പിടിക്കാനുള്ള വലയുടെ സ്റ്റീല്‍ ‘പാനലുകള്‍’ ഘടിപ്പിച്ചു. വലകളുമായി പൈപ്പുകളും സോളര്‍ പമ്പുകളും ഘടിപ്പിച്ച് വെള്ളം ഒരു റിസര്‍വോയറില്‍ ശേഖരിക്കുകയായിരുന്നു പതിവ്.
വലയുടെ ഒരു ചതുരശ്ര അടിഭാഗത്തു നിന്ന് മാത്രം ദിവസവും 17 ഗാലന്‍ എന്ന കണക്കിന് വെള്ളം ലഭിക്കും. അതാകട്ടെ ഗ്രാമപ്രദേശത്തുകാര്‍ക്ക് ആവശ്യത്തിലേറെയുണ്ട്. മൂടല്‍മഞ്ഞിനെ തടഞ്ഞുണ്ടാകുന്ന ജലത്തില്‍ ധാതുക്കളില്ലാത്തതിനാല്‍ ഭൂഗര്‍ഭജലവും കൂട്ടിച്ചേര്‍ത്താണ് പമ്പു ചെയ്യുക. ഇതിന്റെ ഗുണം ലഭിക്കുന്നതാകട്ടെ പ്രദേശത്തെ 400 കുടുംബങ്ങള്‍ക്കും. എട്ടുകിലോമീറ്റര്‍ നീളത്തിലാണ് ജലവിതരണ പൈപ്പിട്ടിരിക്കുന്നത്. ഓരോ വീട്ടിലും പൈപ്പും നല്‍കി. ജലവിതരണത്തില്‍ എന്തെങ്കിലും കുഴപ്പമുണ്ടായാല്‍ മൊബൈല്‍ വഴി സന്ദേശമയച്ച് ഇക്കാര്യം അധികൃതരെ അറിയിക്കാനും സംവിധാനമുണ്ട്. പദ്ധതിപ്രകാരം നിലവില്‍ 600 ചതുരശ്രമീറ്റര്‍ വരുന്ന വലകളില്‍ നിന്ന് പ്രതിദിനം 6300 ലിറ്റര്‍ എന്ന കണക്കിന് വെള്ളം ശേഖരിക്കുന്നുണ്ട്. ഇതോടെ ഗ്രാമപ്രദേശങ്ങളിലെ വരള്‍ച്ചയ്ക്ക് ശമനമായി. മൂടല്‍മഞ്ഞില്‍ നിന്ന് വെള്ളം ശേഖരിക്കാവുന്ന തന്ത്രം 1980കളില്‍ തെക്കേഅമേരിക്കയിലാണു വികസിപ്പിച്ചെടുക്കുന്നത്. പിന്നീടിത് ചിലി, പെറു, ഘാന, ദക്ഷിണാഫ്രിക്ക, കലിഫോര്‍ണിയ തുടങ്ങിയയിടങ്ങളില്‍ വിജയകരമായി നടപ്പാക്കി. എന്നാല്‍ ഇന്ന് ലോകത്തില്‍ മൂടല്‍മഞ്ഞിനെ ‘പിടികൂടി’ വെള്ളമാക്കി ഉല്‍പാദിപ്പിക്കുന്ന ഏറ്റവും വലിയ സംവിധാനമുള്ളത് ബൂട്ട്‌മെസ്ഗ്വിദ മലനിരകളിലാണ്. ഒരു കാലത്ത് സംശയത്തോടെ വീക്ഷിച്ചിരുന്ന ഈ വലകള്‍ ഇന്ന് ഈ ജനങ്ങള്‍ക്ക് ദൈവങ്ങളെപ്പോലെയാണ്.