മുട്ടം: വിദ്യാർഥിനിയുടെ മോർഫ് ചെയ്ത ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. കെഎസ്യു നേതാക്കൾക്കെതിരെയാണ് ഇതേ സംഘടനയിൽ പ്രവർത്തിക്കുന്ന മുട്ടം സ്വദേശിനിയായ പെണ്കുട്ടി പരാതി നൽകിയത്.
തിരുവനന്തപുരം സ്വദേശിനിയായ യുവതിയടക്കം മൂന്നു പേർക്കെതിരെയാണ് മുട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുന്ന വിദ്യാർഥിനിയും കെഎസ്യു പ്രവർത്തകയാണ്. സംഘടനാപ്രവർത്തനത്തിലൂടെയാണ് ഇവർ പരസ്പരം പരിചയപ്പെടുന്നത്.
ഈ പരിചയം മുതലെടുത്താണ് പ്രതികൾ ചിത്രം മോർഫ് ചെയ്ത് സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചത് .വിവരം അറിഞ്ഞ സുഹൃത്താണ് സംഭവം പെണ്കുട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.കഴിഞ്ഞ 24നു ഇതു സംബന്ധിച്ച് യുവതി മുട്ടം പോലീസിൽ പരാതി നൽകി.
കോടതിയുടെ നിേർദശപ്രകാരം മുട്ടം എസ്ഐ ബൈജു പി.ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തിരുവനന്തപുരത്തെത്തി കൂടുതൽ അന്വേഷണം നടത്തി. എന്നാൽ കേസുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങൾ പോലീസിനു ഇതുവരെ ലഭിച്ചിട്ടില്ല.
തിരുവനന്തപുരം സ്വദേശിനിയായ യുവതിയുടെ മൊബൈൽ ഫോണിൽ ചിത്രം കണ്ടുവെന്നാണ് സുഹൃത്തായ പെണ്കുട്ടി പരാതിക്കാരിയെ അറിയിച്ചത്. ഇതനുസരിച്ച് ഈ ഫോണ് കസ്റ്റഡിയിലെടുക്കുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്ന് പോലീസ് പറഞ്ഞു.
കൂടാതെ കെഎസ്യു നേതാക്കളെ കൂടുതൽ ചോദ്യം ചെയ്യും. പരാതിയല്ലാതെ മറ്റു തെളിവുകൾ യുവതി പോലീസിനു നൽകിയിട്ടില്ല. ഇതിനിടെ സംഘടനയിലെ ഗ്രൂപ്പ് തർക്കത്തിന്റെ ഭാഗമായാണ് ഇത്തരമൊരു പ്രശ്നം വെളിച്ചത്തു വന്നതെന്നും സൂചനയുണ്ട്.
ഇതിനിടെ സംഭവത്തിൽ കെഎസ്യു സംസ്ഥാന നേതൃത്വവും കോണ്ഗ്രസ് നേതൃത്വ തലത്തിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.