തുറവൂർ: സ്ത്രീകളുടെ ഫോട്ടോ എടുത്ത് മോർഫ് ചെയ്യുകയും അശ്ലീല ചുവയോടെ നവ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്ത സംഭവത്തിലെ പ്രതികളെ പിടികൂടി. കളരിക്കൽ ഭാഗത്ത് താമസിക്കുന്ന പ്രണവ് (22), ശ്രീദേവ് (19), ആകാശ്(19) ദീപിൽ (19), അമൽദേവ് (18) എന്നിവരാണ് പിടിയിലായത്.
തുറവൂർ പഞ്ചായത്ത് പതിമൂന്നാം വാർഡ് കളരിക്കൽ ഭാഗത്തെ മുപ്പതോളം വരുന്ന സ്ത്രീകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളുടെ അറസ്റ്റ്. പ്രതികളിൽ ഒരാളുടെ അമ്മയുടെ ഫോട്ടോ ഇത്തരത്തിൽ എടുത്ത് നവമാധ്യമങ്ങളിൽ പങ്കുവച്ചതോടെ പരസ്പരം ഏറ്റുമുട്ടിയതാണ് സംഭവം പുറത്തറിയാൻ കാരണം. ഇതോടെ പ്രദേശത്തെ സ്ത്രീകൾ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്.
കളരിക്കൽ ഭാഗത്തെ നിരവധി സ്ത്രീകളുടെയും പ്രായപൂർത്തിയാകാത്ത പെണ്കുട്ടികളുടെയും ഫോട്ടോ, ഇവർ നടന്നു പോകുന്പോൾ ഇവർ അറിയാതെ വഴിയിൽനിന്ന് മൊബൈൽ ഫോണിൽ എടുത്ത് അശ്ലീലമായി ചിത്രീകരിച്ച്, മോശമായ രീതിയിൽ ശരീരഭാഗങ്ങൾ വർണിച്ച് പരസ്പരം കൈമാറിയ സംഭവത്തിൽ ആണ് സ്ത്രീകൾ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. ഈ പരാതി അന്വേഷിച്ച് നടപടി സ്വീകരിക്കുവാൻ കുത്തിയതോട് പോലീസിന് കൈമാറി.
എന്നാൽ ദിവസങ്ങളോളം പരാതിയിൽ നടപടി സ്വീകരിക്കാതെ പോലീസ് സംഭവം ഒതുക്കിത്തീർക്കുവാനാണ് ശ്രമിച്ചത്. മാധ്യമങ്ങളിൽ നിന്ന് ബന്ധപ്പെട്ടിട്ടുപോലും ഇത്തരത്തിൽ ഒരു സംഭവം ഇല്ലെന്നാണ് കുത്തിയതോട് പോലീസ് ആദ്യം പറഞ്ഞത്. തുടർന്ന് പരാതിക്കാരുമായി ബന്ധപ്പെട്ട് മാധ്യമവാർത്തകൾ വന്നതോടെയാണ് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചത്
. മൊബൈൽ ഫോണ് പോലീസ് പിടിച്ചെടുത്ത് പരിശോധിച്ചതിൽ പരാതി സംബന്ധിച്ച് തെളിവുകൾ ലഭിച്ചിട്ടുണ്ട്. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി ശാസ്ത്രീയ പരിശോധനയ്ക്ക് മൊബൈലുകൾ അയച്ചിരിക്കുകയാണെന്ന് കുത്തിയതോട് പോലീസ് പറഞ്ഞു. സംഭവത്തിൽ മുഴുവൻ തെളിവുകളും ശേഖരിച്ച ശേഷമേ പ്രതികളെ അറസ്റ്റ് ചെയ്യുകയുള്ളു എന്നതായിരുന്നു പോലീസിന്റെ നിലപാട്.
എന്നാൽ പ്രതികൾ ഇടതുപക്ഷ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്നതും നേതാക്കളുടെ മക്കളുമായതിനാൽ കേസ് ഒതുക്കി തീർക്കുവാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആരോപിച്ച് ബിജെപി- യുവമോർച്ച- മഹിളാ മോർച്ചാ പ്രവർത്തകർ സമരവുമായി രംഗത്ത് വന്നതോടെയാണ് വെള്ളിയാഴ്ച രാത്രിയോടെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുവാൻ തയാറായത്.