കോട്ടയം: അച്ഛന്റെയും മകളുടെയും ഫോട്ടോയിൽ നിന്ന് അച്ഛന്റെ തല വെട്ടിമാറ്റി സുഹൃത്തിന്റെ തല വച്ച് ഫെയ്സ് ബുക്കിലൂടെ പ്രചരിപ്പിച്ച യുവാവ് കുടുങ്ങി. ടിക് ടോക് ആപ്പ് വഴി ചിത്രം പോസ്റ്റ് ചെയ്തതിനാണ് യുവാവ് അറസ്റ്റിലായത്.
ആറൻമുള സ്വദേശി പ്രവീണ്‍ ജി നായരെ (25) രാമപുരം പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. ഇരുപത് വയസുള്ള യുവതി നല്കിയ പരാതിയിലാണ് പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുമായി പ്രവീണിന് അടുപ്പമുണ്ടായിരുന്നു. ഇടയ്ക്ക് പെണ്‍കുട്ടിയുടെ വീട്ടിൽ വന്നിട്ടുമുണ്ട്.
ഫേസ്ബുക്കിൽ ഹരം കൊളളിക്കുന്ന ബാക്ക് സൗണ്ടോടുകൂടിയ ചിത്രം കണ്ടതോടെയാണ് പെണ്‍കുട്ടി പരാതിയുമായി പോലീസിനെ സമീപിച്ചത്. പെണ്‍കുട്ടിയുടെ സഹോദരന്റെ കൂട്ടുകാരനാണ് യുവാവ്.
പെണ്‍കുട്ടിക്ക് മാനഹാനിയുണ്ടാക്കിയെന്ന പരാതിയിലാണ് കേസ്. ടിക് ടോക് ആപ്പ് വഴി ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് യുവാക്കൾക്കിടയിൽ ഹരമായി മാറിയിട്ടുണ്ട്. അത്തരം ഹരമാണ് ആറൻമുള സ്വദേശിയെ കെണിയിൽ വീഴ്ത്തിയത്.