സ്വന്തം ലേഖകൻ
തിരുവനന്തപുരം: ആൾക്കൂട്ട നിയന്ത്രണങ്ങളുടെ ഭാഗമായി എല്ലാ ജില്ലകളിലും കളക്ടർമാർ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ഇതോടെ അഞ്ചു പേരിൽ കൂടുതൽ കൂട്ടം കൂടുന്നവർക്കെതിരേ പോലീസ് നടപടി തുടങ്ങി. നിരോധനാജ്ഞ ലംഘനത്തിന് ഇന്നലെ 25 കേസ് രജിസ്റ്റർ ചെയ്തു. 11 പേരെ അറസ്റ്റ് ചെയ്തു.
എന്നാൽ, നിരോധനാജ്ഞയുമായി ബന്ധപ്പെട്ടുള്ള ആശയക്കുഴപ്പം തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾക്കു പലകാര്യങ്ങളിലും അവ്യക്തതയുണ്ട്.
ചിലയിടത്തു കടകൾക്കു നേരേ പോലീസ് കടന്നുകയറ്റമുണ്ടായതായും പരാതിയുണ്ട്. അതതു ജില്ലാ കളക്ടർമാർ ഉത്തരവുകൾ ഇറക്കിയിട്ടുണ്ടെന്നും ഇതിന് അനുസരിച്ചുള്ള നടപടികൾ പോലീസ് സ്വീകരിക്കുമെന്നുമാണു സർക്കാർ പറയുന്നത്.
ആൾക്കൂട്ട നിയന്ത്രണ നടപടി പ്രകാരം പൊതുപരിപാടികളിലും ആരാധനാലയങ്ങളിലും പരമാവധി 20 പേർ മാത്രമേ പാടുള്ളൂ. സ്ഥലപരിമിതിയുണ്ടെങ്കിൽ ആളുകളുടെ എണ്ണം കുറയ്ക്കണം.
കടകളിലും വ്യാപാര സ്ഥാപനങ്ങളിലും ജീവനക്കാരെ കൂടാതെയാണ് അഞ്ചു പേരെ കയറ്റാമെന്നു പറയുന്നത്. കടകൾക്കു മുന്നിൽ കൂട്ടം കൂടരുത്. കടയ്ക്ക് അകത്ത് രണ്ടു മീറ്റർ അകലത്തിൽ നിൽക്കണം.
സാമൂഹിക അകലം പാലിച്ചു മാർക്ക് ചെയ്ത സ്ഥലത്തു ക്യൂ നിൽക്കാം. 144 പ്രകാരം കേസെടുക്കാം, ഫൈൻ ഈടാക്കാം. കടകൾ പൂട്ടാൻ പോലിസിന് അധികാരമില്ല. റോഡരുകിലും മൈതാനത്തും അഞ്ചുപേരിൽ കൂടുതൽ ഒരിടത്തു കൂടി നിൽക്കരുത്.
പൊതു ഗതാഗതത്തിന് അടക്കം നിയന്ത്രണമില്ല. കാറിൽ കുടുംബമാണെങ്കിൽ അഞ്ചു പേർക്കു വരെ സഞ്ചരിക്കാം. കണ്ടെയ്ൻമെന്റ് സോണുകളിൽ കടുത്ത നിയന്ത്രണമാണു നിലവിലുള്ളത്.
കണ്ടെയ്ൻമെന്റ് സോണുകൾക്കു പുറത്തു കൂട്ടം കൂടുന്നതിനു മാത്രമാണു നിയന്ത്രണം. ചില ജില്ലകളിൽ കണ്ടെയ്ൻമെന്റ് സോണിലും പുറത്തും വ്യത്യസ്ത തരത്തിലുള്ള നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
പിഎസ്സി അടക്കമുള്ള പരീക്ഷകൾക്ക് മാറ്റമില്ല. പൊതുഗതാഗതത്തിനു തടസമില്ല. എന്നാൽ, ഇന്നലെ പോലീസ് നടപടി ഭയന്നു വാഹനങ്ങൾ പൊതുവേ കുറവായിരുന്നു.
സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ബാങ്കുകൾ, ഹോട്ടലുകൾ, ഫാക്ടറികൾ എന്നിവയെല്ലാം കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു പൂർണ തോതിൽ പ്രവർത്തിക്കാം. നിരോധനാജ്ഞയല്ലാതെ ഒരിടത്തും സന്പൂർണ അടച്ചിടൽ ഇല്ല. കണ്ടെയ്ൻമെന്റ് പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ കർക്കശമാക്കി.
കണ്ടെയ്ൻമെന്റ് സോണുകളിൽ വിവാഹം, സംസ്കാരം എന്നിവയ്ക്കൊഴികെ അഞ്ചുപേരിൽ കൂടുതൽ പങ്കെടുക്കുന്ന പൊതു പരിപാടികളോ കൂടിച്ചേരലുകളോ അനുവദിക്കില്ല. ഇൻഡോർ, ഔട്ട്ഡോർ പരിപാടികൾക്കും നിയന്ത്രണങ്ങൾ ബാധകമാണ്.
കണ്ടെയ്ൻമെന്റ് സോണുകളിൽ പലചരക്ക്, മരുന്ന്, പാൽ, പച്ചക്കറി, മാംസം, മത്സ്യം എന്നിവയുടെ വിതരണവും റവന്യു, ആരോഗ്യം, പോലീസ്, തദ്ദേശസ്വയംഭരണം, വൈദ്യുതി, ശുചീകരണം, ജലവിതരണം എന്നീ അവശ്യസർവീസുകളും അനുവദിച്ചിട്ടുണ്ട്.
വിവാഹ- മരണാനനന്തര ചടങ്ങുകൾ സാമൂഹിക അകലം പാലിച്ചു നടത്താൻ അനുമതിയുണ്ട്. കണ്ടെയ്ൻമെന്റ് സോണ് അല്ലാത്ത ഇടങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അനുവദിച്ചിട്ടുള്ള ഇളവുകൾ കോവിഡ് പ്രോട്ടോകോൾ പാലിച്ചും പങ്കെടുക്കുന്ന ആളുകളുടെ എണ്ണം നിയന്ത്രിച്ചും മാത്രമേ അനുവദിക്കൂ.
പൊതുഗതാഗതം, സർക്കാർ സ്ഥാപനങ്ങൾ, വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവയിലെല്ലാം സാമൂഹിക അകലം, ബ്രേക്ക് ദ ചെയിൻ പ്രോട്ടോകോളുകൾ പാലിക്കാൻ നിർദേശിച്ചിട്ടുണ്ട്.
ഒക്ടോബർ രണ്ടിനു മുന്പ് പ്രഖ്യാപിച്ച പൊതു പരീക്ഷകൾ മുൻ നിശ്ചയിച്ചതനുസരിച്ച് നടത്താൻ അനുമതി നൽകിയിട്ടുണ്ട്.
എന്നാൽ ഇനി പ്രഖ്യാപിക്കാനുള്ള പരീക്ഷകൾ ജില്ലാ ദുരന്തനിവാരണ അഥോറിറ്റികളുടെ അനുമതിയോടെ മാത്രമേ ക്രമീകരിക്കാവൂ. ഒക്ടോബർ 31 അർധരാത്രിവരെയാണ് നിരോധനാജ്ഞ.