കൂത്തുപറമ്പ്: കൊടും ചൂടേറ്റ് യാത്ര ചെയ്യുന്നവർക്ക് ആശ്വാസമേകി സൗജന്യ സംഭാര വിതരണവുമായി ഹാരിസ് ജമാലിയും കുടുംബാംഗങ്ങളും. കൈതേരി കപ്പണയിലെ വീടിനു സമീപം വച്ചാണ് വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കുമൊക്കെ വെയിലിനെ വകവെക്കാതെ ഹാരിസ് ജമാലിയും കുടുംബാംഗങ്ങളും സംഭാരം നൽകുന്നത്.
രണ്ടു ദിവസമായി ഇദ്ദേഹവും സഹോദരിയുടെ ചെറുമക്കളായ റഹിയാൻ, ഹനാൻ, ആസിം എന്നിവരും ചേർന്ന് സംഭാര വിതരണം തുടങ്ങിയിട്ട്. ഭാര്യയും സഹോദരിമാരുമൊക്കെ ചേർന്നാണു വിതരണം ചെയ്യാനുള്ള സംഭാരം തയ്യാറാക്കി നല്കുന്നത്. ഉച്ചയ്ക്ക് പന്ത്രണ്ട് മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെ നീളുന്നതാണ് സംഭാര വിതരണം.
ദാഹജലം നൽകുന്നത് പുണ്യ പ്രവൃത്തിയായി തോന്നിയതിനാലാണ് ഇങ്ങിനെ ചെയ്യുന്നതെന്നും ഹാരിസ് ജമാലി പറയുന്നു. ഉരുവച്ചാൽ ടൗൺ പള്ളിയിലെ ഖത്തീബായ ഇദ്ദേഹം കേരള എമർജൻസി ടീമിന്റെ കണ്ണൂർ ജില്ലാ പ്രസിഡന്റ് കൂടിയാണ്. വരും വർഷങ്ങളിൽ കൂടുതൽ വിപുലമായി സംഭാര വിതരണം നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും ഇദ്ദേഹം പറഞ്ഞു.