മോസ്കോ: 137പേരുടെ മരണത്തിനിടയാക്കിയ മോസ്കോയിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാല് ഇസ് ലാമിക് സ്റ്റേറ്റ് ഭീകരരെ കോടതിയിൽ ഹാജരാക്കി. സൈദക്രമി മുറോദലി രചബാലിസോദ, ഷംസിദിൻ ഫരീദുനി, മുഹമ്മദ്സോബിർ ഫൈസോവ്, ദലേർഡ്സ്ഹൺ ബറോട്ടോവിച്ച് മിർസോയേവ് എന്നിവരെയാണ് തീവ്രവാദക്കുറ്റം ചുമത്തി കോടതിയിൽ ഹാജരാക്കിയത്.
ഇവരിലൊരാൾ താജിക്കിസ്ഥാൻ പൗരനാണ്. പ്രതികളുടെ ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഇവരിൽ രണ്ടുപേർ കുറ്റം സമ്മതിച്ചതായി കോടതി പറഞ്ഞു. ഭീകരരെ മേയ് 22 വരെ തടവിൽ പാർപ്പിക്കാൻ ഉത്തരവിട്ടു.
മോസ്കോയുടെ വടക്കൻ പ്രാന്തപ്രദേശമായ ക്രാസ്നോഗോർസ്കിലെ ക്രോക്കസ് സിറ്റി ഹാളിൽ വെള്ളിയാഴ്ച രാത്രി സംഗീതപരിപാടിക്കിടെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ11 പേരെ അറസ്റ്റിലായിട്ടുണ്ട്. ആക്രമണത്തിന്റെ പുതിയ ദൃശ്യങ്ങൾ ഇസ് ലാമിക് സ്റ്റേറ്റ് ഇന്നലെ പുറത്തുവിട്ടിരുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ടെങ്കിലും യുക്രെയ്നുനേരേയാണ് പ്രസിഡന്റ് വ്ളാഡിമിർ പുടിൻ വിരൽ ചൂണ്ടുന്നത്.
20 വർഷത്തിനിടെ റഷ്യയിൽ നടന്ന ഏറ്റവും മാരകമായ ആക്രമണമാണിതെന്നു പുടിൻ പറഞ്ഞു. ആക്രമണത്തിന് പിന്നിൽ ആരായാലും അവരെ വെറുതെ വിടില്ലെന്നു താൻ സത്യം ചെയ്യുന്നുവെന്നും തോക്കുധാരികൾ യുക്രെയ്നിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചതായും പുടിൻ അവകാശപ്പെട്ടു.പരിക്കേറ്റ നിരവധി ആളുകൾ ആശുപത്രികളിൽ മരണത്തോട് മല്ലിടുകയാണ്.