ഈരാറ്റുപേട്ട: മോഷണം കഴിഞ്ഞാലുടൻ യാത്രകൾ ഹോബിയാക്കിയ കള്ളൻ ഒടുവിൽ പിടിയിലായി. നിരവധി മോഷണക്കേസുകളിലെ പ്രതി ഏലപ്പാറ സ്വദേശി കോഴിക്കാനം ബിനു(42) വാണ് ഇന്നലെ ബസ് യാത്രക്കിടയിൽ ഈരാറ്റുപേട്ട പോലീസിന്റെ പിടിയിലായത്.
മേലുകാവ് സെന്റ് തോമസ് പള്ളിയുടെ വാതിൽ കല്ലുകൊണ്ട് ഇടിച്ചു തകർത്തു നേർച്ചപ്പെട്ടികളിൽ നിന്നും പണം മോഷ്്ടിച്ച കേസിലെ പ്രതിയാണ്.
അർധരാത്രിയിൽ ഒരുമണിക്കുശേഷമായിരിക്കും മോഷണം നടത്തുന്നത്. ഇതിനുശേഷം ബസിൽ യാത്ര പോകുന്നതാണ് ഇയാളുടെ പതിവു രീതി. പീന്നിട് ദിവസങ്ങൾക്കുശേഷം തിരികെ എത്തി അടുത്ത മോഷണം നടത്തും.
കഴിഞ്ഞ ജൂണ്‍ 26നാണ് പള്ളിയിൽ മോഷണം നടന്നത്. വിരലടയാള വിദഗ്ധർ നടത്തിയ പരിശോധനയിൽ വിരലടയാളം കണ്ടെത്തിയിരുന്നു.
സ്ഥിരം മോഷ്ടാക്കളുടെ വിരലടയാളവുമായി ഒത്തുനോക്കി പ്രതി ബിനുവാണെന്ന് പോലീസ് തിരിച്ചറിഞ്ഞിരുന്നു. 200-ഓളം മോഷണക്കസുകളിൽ പ്രതിയായ ബിനു വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും ജൂണ്‍ എട്ടിനാണ് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്.
പിന്നീടാണ് മേലുകാവ് പള്ളിയിൽ മോഷണം നടത്തിയത്. സംശയാസ്പദമായി ദൂരയാത്ര ചെയ്യുന്ന ആൾക്കാരെ കണ്ടാൽ വിവരം അറിയിക്കണമെന്നു കട്ടപ്പന ഡിവൈഎസ്പി വി. എ. നിഷാദ്മോൻ ബസ് ജീവനക്കാരോട് പറഞ്ഞിരുന്നു.
ഇന്നലെ രാത്രി ഏലപ്പാറ ചിന്നാർ അമ്പലത്തിൽ മോഷണം നടത്തിയശേഷം ബിനു ബസിൽ കയറി മുണ്ടക്കയം വഴി ഈരാറ്റുപേട്ടയിലേക്ക് യാത്ര ചെയ്യുകയായിരുന്നു.
സംശയം തോന്നിയ ബസുകാർ കട്ടപ്പന ഡിവൈഎസ്പിയെ വിവരം അറിയിച്ചു. ഡിവൈഎസ്പി ഉടൻതന്നെ ഈരാറ്റുപേട്ട പോലീസുമായി ബന്ധപ്പെട്ടു.
തുടർന്ന് പുലർച്ചെതന്നെ ഈരാറ്റുപേട്ട പോലീസ് ബിനുവിനെ പിടികൂടുകയായിരുന്നു. മേലുകാവ് പള്ളിയിൽ വലിയ രണ്ടു കല്ലുകൾ ഉപയോഗിച്ച് പള്ളിയുടെ ഒരുവശത്തെ വാതിലിന്റെ അടിവശം തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്.
പള്ളിക്കുള്ളിൽ ഉണ്ടായിരുന്ന രണ്ട് നേർച്ചപ്പെട്ടികൾ മോഷ്ടാവ് എടുത്തുകൊണ്ടുപോയി പള്ളി ഓഡിറ്റോറിയത്തിനു സമീപം വച്ച് കുത്തിത്തുറന്നാണ് പണം അപഹരിച്ചത്.
ഇയാളുടെ പേരിൽ കോട്ടയം, ഇടുക്കി ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും കേസുണ്ട്.