വടകര: വടകരയിലും പരിസരങ്ങളിലും ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കമുളള കവര്‍ച്ചാ സംഘങ്ങള്‍ ക്യാമ്പ് ചെയ്തിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടപടികള്‍ ശക്തമാക്കി. നഗരത്തിലും പരിസര പ്രദേശങ്ങളിലും അടുത്ത കാലത്തായി ഇത്തരം സംഘങ്ങള്‍ കവര്‍ച്ച നടത്തിയിരുന്നു.
കഴിഞ്ഞ ദിവസം വടകര നിന്നും തമിഴ്നാട്ടുകാരനായ മോഷ്ടാവിനെ മോഷണത്തിനിടെ പിടികൂടുകയുണ്ടായി. വടകര ടൗണിലും സമീപ പ്രദേശങ്ങളായ പുതുപ്പണം, വില്യാപള്ളി, മുട്ടുങ്ങല്‍ തുടങ്ങിയ സ്ഥലങ്ങളിലും നടന്ന പല മോഷണങ്ങളിലും പ്രതികളെ പിടികൂടാന്‍ സാധിച്ചിട്ടില്ല.
വടകര, ചോമ്പാല്‍ സ്റ്റേഷന് പരിധിയില്‍ ഈ അടുത്ത കാലത്തായി നടന്ന കവര്‍ച്ചകളിലൊന്നും തന്നെ പ്രതികളെ പിടികൂടാന്‍ കഴിയാത്തതും പോലീസിനെ ഉറക്കം കെടുത്തിയിരുന്നു. പരിചയമില്ലാത്തവരെ അസമയങ്ങളില്‍ കണ്ടാല്‍ പോലീസിനെ അറിയിച്ചാല്‍ ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കിയെടുക്കാന്‍ കഴിയുമെന്നാണ് പോലീസ് കരുതുന്നത്. ഹിന്ദിയും മലയാളവും സംസാരിക്കുന്നവരാണ് കവര്‍ച്ചാ സംഘത്തിലുള്ളതെന്നാണ് പോലീസിന്റെ നിഗമനം.
ബീറ്റ് പോലീസ് സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള പദ്ധതികളും പുരോഗമിക്കുന്നുണ്ട്. പോലീസുകാര്‍ക്ക് ഹിന്ദി ഭാഷാ പരിശീലനം നല്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികള്‍ കുറ്റകൃത്യങ്ങളില്‍ കൂടുതലായി ഏര്‍പ്പെടുന്നത് മനസിലാക്കിയാണ് പോലീസ് ഇത്തരം പദ്ധതികള്‍ക്കു തുടക്കം കുറിക്കുന്നത്.