കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിലും പരിസരപ്രദേശങ്ങളിലുമായി മോഷണ പരന്പര തുടർക്കഥയാകുന്നു. ഒരു മാസത്തിനുള്ളിൽ നിരവധി മോഷണ കേസുകളാണ് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തു നിന്നാണ് മോഷണങ്ങൾ തുടങ്ങുന്നത്. പിന്നീട് മോഷണങ്ങൾ ബസുകൾ കേന്ദ്രീകരിച്ചായി.
നിരവധി വീട്ടമ്മമാരുടെ പഴ്സുകളാണ് ബസുകളിൽ നിന്ന് മോഷണം പോയിരിക്കുന്നത്. ഇപ്പോൾ കടകളും വീടുകളും കേന്ദ്രീകരിച്ചാണ് മോഷണങ്ങൾ നടക്കുന്നത്. പേട്ടക്കവലയിലെ പല കടകളിൽ നിന്നും പണം മോഷണം പോയിട്ടുണ്ട്.
ഇന്നലെ പട്ടാപകൽ വീടിനുള്ളിൽ നിന്നും സ്വർണാഭരണങ്ങൾ കവർന്ന രണ്ടു പേരെ കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കാഞ്ഞിരപ്പള്ളി തുന്പമട സ്വദേശികളായ ഇഞ്ചിക്കാലായിൽ മനോജ് (42), ചീരാംകുളത്ത് അനിക്കുട്ടൻ (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പട്ടാപ്പകൽ ഓട് പൊളിച്ച് വീടിനുള്ളിൽ കയറിയ പ്രതികൾ അലമാര കുത്തിത്തുറന്ന് ആറ് പവൻ വരുന്ന സ്വർണാഭരണങ്ങൾ കവരുകയായിരുന്നു. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് മോഷണം നടന്നത്. സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ പണയം വച്ച ആഭരണങ്ങളിൽ ഒരു പങ്ക് പോലീസ് കണ്ടെടുത്തു. ബാക്കിയുള്ള ആഭരണങ്ങൾ പ്രതികൾ വീടിനുള്ളിൽ ഒളിപ്പിക്കുകയായിരുന്നു. ഇതും പോലീസ് കണ്ടെത്തി.
കഴിഞ്ഞ ദിവസം ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇടക്കുന്നം പാലന്പ്ര കിഴക്കേതിൽ ജയകൃഷ്ണ(19)നെയാണ് നാട്ടുകാർ പിടികൂടിയത്. കുന്നുംഭാഗം ജനറൽ ആശുപത്രിക്കു സമീപത്തെ തട്ടുകടയിലെ തൊഴിലാളിയുടെ ബൈക്ക് മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പിടികൂടിയത്. ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ ഇയാളെ പോലീസ് പല തവണ പിടികൂടിയതാണ്.
മോഷ്ടാക്കളെ പിടികൂടാൻ പോലീസും രംഗത്ത് സജീവമായിട്ടുണ്ട്. രാത്രിയിൽ കാഞ്ഞിരപ്പള്ളിയിലും സമീപ പ്രദേശങ്ങളിലും കനത്ത പട്രോളിംഗാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.