കായംകുളം: കായംകുളത്തും പരിസര പ്രദേശങ്ങളിലും വീട് കുത്തിത്തുറന്ന് മോഷണം വ്യാപകമായതോടെ ജനം ഭീതിയിലായി. കഴിഞ്ഞ ദിവസം കായംകുളം കാപ്പിൽമേക്ക് മേനാത്തേരി പുത്തേഴത്ത് പടീറ്റതിൽ തങ്കമ്മാളുടെ വീട് കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന 15 പവനും 15000 രൂപയും കവർന്നതാണ് ഒടുവിലത്തെ സംഭവം.
മകളുടെ വീട്ടിൽ കഴിഞ്ഞ ദിവസം ഉത്സവത്തിനു പോയ ശേഷം ഇന്നലെ രാവിലെ ഇവർ വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മുൻവശത്തെ കതക് കുത്തിത്തുറന്നായിരുന്നു കവർച്ച. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണവും പണവുമാണ് അപഹരിച്ചത്. വീടിനുള്ളിലെ മൂന്നു മുറികളിലെയും അലമാര കുത്തിത്തുറന്ന് സാധനങ്ങൾ എല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. തങ്കമ്മാളിന്റെ മകൻ വിദേശത്തു നിന്നും കഴിഞ്ഞ ദിവസം അയച്ചു കൊടുത്ത പണമാണ് അപഹരിച്ചത്.
മരുമകൾ ആതിരയുടെയും ചെറുമകന്റെയും മാലയും വളയും അരഞ്ഞാണവും ഉൾപ്പെടെയുള്ള ആഭരണങ്ങൾ മോഷണം പോയി. കായംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തെ സിസിടിവി കാമറകൾ പോലീസ് പരിശോധിച്ചുവരികയാണ്. കഴിഞ്ഞ രണ്ടു മാസത്തിനിടെ കായംകുളം മേഖലയിലുണ്ടായ നാലാമത്തെ കവർച്ചയാണിത്. പള്ളിപ്പെരുന്നാൾ, ഉത്സവ ദിവസങ്ങളിൽ ഉൾപ്പടെ വീട് കേന്ദ്രീകരിച്ച് മോഷണം വർധിക്കുകയാണ്.
മിക്കകേസുകളിലും വിരലടയാള വിദഗ്ധരും പോലീസും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്താറുണ്ടെകിലും പ്രതികളെ കുറിച്ച് സൂചനകളൊന്നും പോലീസിന് ലഭിക്കുന്നില്ല. കഴിഞ്ഞ മാസം കായംകുളം നിറയിൽ മുക്കിൽ അടച്ചുപൂട്ടിയിട്ടിരുന്ന വിദേശമലയാളിയുടെ വീടിന്റെ മുകളിലത്തെ നിലയിലെ കതക് കുത്തിതുറന്ന് രണ്ട് ലക്ഷം രൂപയുടെ ഗൃഹോപകരണങ്ങൾ അപഹരിച്ചിരുന്നു .
നിറയിൽമുക്ക് അർത്തിക്കുളങ്ങര ജിജോയുടെ വീട്ടിൽ നടന്ന മോഷണത്തിൽ കതക് കുത്തിതുറന്ന് അകത്തു കയറിയ മോഷ്ടാക്കൾ രണ്ടു ലക്ഷത്തിലേറെ രൂപയുടെ ഗൃഹോപകരണ സാധനങ്ങൾ അപഹരിക്കുകയായിരുന്നു. മോഷണസംഘത്തിൽ ഒന്നിലേറെ പേർ ഉണ്ടായിരുന്നതായും മോഷ്ടിച്ച സാധനങ്ങൾ വാഹനത്തിൽ കടത്തിയതായും പോലീസിന് സൂചന ലഭിച്ചെങ്കിലും ആരെയും പിടികൂടാൻ ഇതുവരെ കഴിഞ്ഞില്ല.