കരുനാഗപ്പള്ളി: വൻ കവർച്ചാസംഘത്തിലെ നാലുപേരെ കരുനാഗപ്പള്ളി പോലീസ് പിടികൂടി. ആദിനാട് സ്വദേശികളായ സച്ചുമോൻ (26), ആനന്ദ് (18), മരുതൂർകുളങ്ങര സ്വദേശി രാഹുൽ (20) , എന്നിവരെ കൂടാതെ പ്രായപൂർത്തിയാകാത്ത ഒരാളുമാണ് പിടിയിലായത്. കരുനാഗപ്പള്ളി എസിപി ശിവപ്രസാദ്, സിഐ ഗോപകുമാർ, എസ്ഐ ശിവകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സംഘത്തെ പിടികൂടിയത്.
മോഷ്ടിച്ച ബൈക്കുകളിലാണ് ഇവർ മോഷണം നടത്തിവന്നത്. അത്തരത്തിലുള്ള രണ്ട് ബൈക്കുകളും കണ്ടെടുത്തു. കൂടാതെ ലാപ് ടോപ്പ്, മൊബൈൽഫോണുകൾ, കവർച്ചയ്ക്കുള്ള ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. കരുനാഗപ്പള്ളി പുള്ളിമാൻ ജംഗ്ഷനിലെ എടിഎമ്മിൽ കവർച്ചാശ്രമവും നടത്തിയിരുന്നു.
കരുനാഗപ്പള്ളി, ചവറ, ഓച്ചിറ എന്നിവിടങ്ങളിലെ നിരവധികടകളുടെ പൂട്ടുപൊളിച്ച് മോഷണം നടത്തിയിരുന്നതായും പിടിയിലായവർ പോലീസിനോട് പറഞ്ഞു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.