കൊച്ചി: തെരക്കുള്ള ബസിൽ കയറി മാല പൊട്ടിക്കുന്ന സ്ഥിരം മോഷ്ടാക്കളെ കരുതിയിരിക്കണമെന്നു പോലീസ്. ഒരിടവേളയ്ക്കുശേഷം ഇത്തരത്തിലുള്ള സംഘം നഗരത്തിൽ വീണ്ടും സജീവമാകുന്നതായാണു പോലീസിന്റെ കണക്കുകൂട്ടലുകൾ. നേരത്തെ ഇത്തരത്തിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും പോലീസിന്റെ ഫലപ്രദമായ ഇടപെടലുകളെ തുടർന്നു മോഷണം കുറഞ്ഞിരുന്നു.
നിലവിൽ ഇത്തരത്തിലുള്ള സംഘം വീണ്ടും സജീവമായി രംഗത്തെത്തിയിരിക്കുന്നതായാണു വിവരങ്ങൾ. തമിഴ്നാട്ടിൽനിന്നുള്ള സ്ത്രീകളാണ് ഇത്തരം മോഷണങ്ങൾക്കു മുന്നിലെന്നു പോലീസ് പറയുന്നു. സംഘമായി സഞ്ചരിക്കുന്ന ഇവർ ബസുകളിൽ തെരക്കുണ്ടാക്കിയും മോഷണം നടത്തുന്നുണ്ട്. ഇത്തരത്തിലുള്ള രണ്ടു തമിഴ്നാട് സ്വദേശികളാണ് ഇന്നലെ പോലീസിന്റെ പിടിയിലായത്.
തമിഴ്നാട് പെരുമത്തൂർ വില്ലേജ് വെല്ലൂർ അർച്ചന (38) തമിഴ്നാട് പെരുമത്തൂർ വില്ലേജ് വെല്ലൂർ അനിത (52) എന്നിവരെയാണ് ഇടപ്പിള്ളി ജംഗ്ഷനിൽ നിന്നും എളമക്കര പോലീസ് അറസ്റ്റ് ചെയ്തത്. പറവൂരിൽനിന്നും ഇടപ്പള്ളിയിലേയ്ക്കു യാത്ര ചെയ്ത സ്ത്രീയുടെ കഴുത്തിലെ മാല പൊട്ടിക്കുന്നതു ശ്രദ്ധയിൽപ്പെട്ട ബസിലെ സഹയാത്രക്കാർ പ്രതികളെ ഇടപ്പിള്ളി സിഗ്നൽ ജംഗ്ഷനിൽവച്ച് തടഞ്ഞു വയ്ക്കുകയും പോലീസ് കണ്ട്രോൾ റൂമിൽ വിവരം അറിയിക്കുകയുമായിരുന്നു.
തുടർന്ന് ഇളമക്കര പോലീസ് എത്തിയാണു പ്രതികളെ അറസ്റ്റ് ചെയ്തത്. തെരക്കുള്ള ബസിൽ കയറിപ്പറ്റി ഒരാൾ അടുത്ത് നിൽക്കുന്നവരുടെ ശ്രദ്ധ തിരിച്ചശേഷം മറ്റേയാൾ മാലയുടെ കൊളുത്ത് അകറ്റി മോഷ്ടിക്കുന്നതാണ് ഇവരുടെ രീതിയെന്നു പോലീസ് വൃത്തങ്ങൾ പറയുന്നു. സ്ഥിരം മോഷ്ടാക്കളായ ഇവർക്കെതിരേ മറ്റ് നിരവധി സ്റ്റേഷനുകളിൽ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.്