ശ്രീകണ്ഠപുരം(കണ്ണൂർ): വയക്കരയിൽ അടച്ചിട്ടിരുന്ന വീട്ടിൽ നിന്ന് സ്വർണവും പണവും കവർന്നു. വയക്കരയിലെ കാവുമ്പുറത്ത് പത്രോസിന്റെ വീട്ടിൽ നിന്നാണ് മൂന്ന് പവൻ സ്വർണവും 2000 രൂപയും മോഷണം പോയത്. അസുഖബാധിതനായ പത്രോസും കുടുംബവും ചികിത്സയ്ക്കായി കഴിഞ്ഞ മൂന്ന് ദിവസമായി മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലാണുള്ളത്.
ഇന്നലെ രാവിലെ സമീപവാസി രണ്ടാം നിലയുടെ കിടപ്പുമുറിയിടെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ടതിനെത്തുടർന്ന് പത്രോസിന്റെ സഹോദരനെ വിവരമറിയിക്കുകയായിരുന്നു. വീടിന്റെ പിറക് വശത്തെ പേരമരം വഴി രണ്ടാം നിലയിൽ കയറിയ മോഷ്ടാവ് വാതിലിന്റെ പൂട്ട് തകർത്താണ് വീടിനകത്ത് കടന്നത്. ഷെൽഫിൽ നിന്നാണ് സ്വർണവും പണവും കവർന്നത്. രണ്ട് വള, രണ്ട് കമ്മൽ, മോതിരം ഉൾപ്പെടെയാണ് മോഷണം പോയത്. വിവരമറിഞ്ഞ് ശ്രീകണ്ഠപുരം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.