ചെങ്ങന്നൂര്‍: ആയുധങ്ങളുമായി എത്തിയ സംഘം വിഗ്രഹ നിര്‍മാണശാല അക്രമിച്ച് 2.5 കോടിയുടെ പശ്ചലോഹ വിഗ്രഹം കവര്‍ന്ന സംഭവത്തിൽ അന്വേഷണം ഊർജിതം.
കാരക്കാട് സ്വദേശിയും സ്ഥാപനത്തില്‍ കഴിഞ്ഞ ഒന്നരമാസമായി ഡ്രൈവറായി ജോലി ചെയ്തു വന്നിരുന്നതുമായ യുവാവിന്റെ നേതൃത്വത്തിലാണ് മോഷണം നടന്നതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
ഇയാൾക്കും കൂട്ടാളികൾക്കുമായി പോലീസ് തെരച്ചിൽ ആരംഭിച്ചു. മറ്റ് ബാഹ്യ ബന്ധങ്ങള്‍ ഒന്നും തന്നെ സംഭവത്തിനില്ലെന്നാണ് പ്രാഥമിക നിഗമനമെന്നും പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും ഡിവൈഎസ്പി പി.വി.ബേബി അറിയിച്ചു.
ഇന്നലെ രാത്രി 9.30 ഓടെയായിരുന്നു സംഭവം. ചെങ്ങന്നൂര്‍ കാരക്കാട്ടുള്ള തട്ടാവിളയില്‍ മഹേഷ് പണിക്കര്‍, പ്രകാശ് പണിക്കര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള പണിക്കേഴ്സ് ഗ്രാനൈറ്റ്സിലാണ് സംഭവം.
നിരവധി ബൈക്കുകളിലും കാറിലുമായി എത്തിയ മുന്‍ ജീവനക്കാരന്റെ നേതൃത്വത്തിലുള്ള സംഘമാണ് മോഷണം നടത്തിയതെന്ന് ഉടമകള്‍ പറയുന്നു. ഈ സമയം ആറ് ജീവനക്കാര്‍ സ്ഥാപനത്തില്‍ ഉണ്ടായിരുന്നു.
ആയുധങ്ങളുമായി എത്തിയ അക്രമികള്‍ ജീവനക്കാരെയും തടയാനെത്തിയ ഉടമകളെയും മര്‍ദിച്ച ശേഷം 60 കിലോ തൂക്കം വരുന്ന അയ്യപ്പ വിഗ്രഹം അപഹരിക്കുകയായിരുന്നു.പ്രതികളില്‍ അഞ്ച് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളില്‍ ഒരാള്‍ ആക്രമണത്തില്‍ പരിക്കേറ്റ് മാമന് മെമ്മോറിയല്‍ ആശുപത്രിയില്‍
ചികിത്സ തേടിയിരുന്നു. പോലീസ് തിരക്കി എത്തിയപ്പോഴേക്കും ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. വിഗ്രഹത്തിന്റെ വില സംബന്ധിച്ചും മറ്റും ചില അവ്യക്തതകള്‍ നിലനില്‍ക്കുന്നുണ്ടെന്നും അതിലും അന്വേഷണം നടന്നു വരുന്നതായും പോലീസ് പറഞ്ഞു.
ലണ്ടനിലെ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാൻ…
ആക്രമണത്തില്‍ സ്ഥാപനത്തിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്. ഉടമകളിലൊരാളായ പ്രകാശ് പണിക്കരുടെ കഴുത്തില്‍ കിടന്ന ഒന്നര പവന്റെ മാലയും നഷ്ടമായി.
ലണ്ടനിലെ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനായി നിര്‍മിച്ചതായിരുന്നു വിഗ്രഹമെന്നും ഒരു കിലോയിലേറെ സ്വര്‍ണം വിഗ്രഹത്തില്‍ ഉപയോഗിച്ചിട്ടുണ്ടെന്നും സ്ഥാപന ഉടമകള്‍ പറയുന്നു.
ഗുരുതരമായി പരിക്കേറ്റ തമിഴ്നാട് സ്വദേശിയായ തൊഴിലാളിയെ കോട്ടയം മെഡിക്കല്‍ കോളജിലും മറ്റ് തൊഴിലാളികളെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചെങ്ങന്നൂര്‍ ഡിവൈഎസ്പി പിവി ബേബി, ചെങ്ങന്നൂര്‍ സിഐ ജോസ് മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.