ചങ്ങനാശേരി: ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയെ ആക്രമിച്ച് അഞ്ചുപവന്റെ സ്വര്‍ണമാല പൊട്ടിച്ച് മോഷ്ടാവ് രക്ഷപ്പെട്ടു. ബൈക്കില്‍ കയറി രക്ഷപ്പെടുന്നതിനിടയില്‍ വീട്ടമ്മ മോഷ്ടാവിനെ കറിക്കത്തിക്ക് വെട്ടി. ഇന്നലെ രാവിലെ 9.30ന് മാമ്മൂടിനടുത്ത് ചൂരനോലിക്കല്‍ ഭാഗത്താണ് സംഭവം. തിനപ്പറന്പില്‍ പരേതനായ കോശിയുടെ ഭാര്യ അന്നമ്മ (കുഞ്ഞമ്മ75)യുടെ മാലയാണ് മോഷ്ടിച്ചത്. സ്‌കൂട്ടറില്‍ ഹെല്‍മെറ്റ് ധരിച്ചെത്തിയ യുവാവ് വീടിന്റെ സമീപത്ത് സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്തശേഷം വീട്ടിനുമുന്പിലേക്ക് വന്നു.
അടുക്കളയില്‍ കപ്പപൊളിച്ചു കൊണ്ടിരുന്ന അന്നമ്മ ശബദംകേട്ട് വീടിന്റെ വാതില്‍ തുറന്നു. കതക് തുറന്ന മാത്രയില്‍ മോഷ്ടാവ് അന്നമ്മയെ കഴുത്തിന് കുത്തിപ്പിടിച്ച് വലിച്ചിഴച്ച് വീടിനുള്ളിലേക്ക് കൊണ്ടുപോയി മാല പൊട്ടിച്ചെടുത്തു. വീട്ടമ്മ എതിര്‍ത്തപ്പോള്‍ മോഷ്ടാവ് അക്രമിക്കുകയും ബഹളവച്ചപ്പോള്‍ വായ് പൊത്തുകയും ചെയ്തു. വീട്ടിനുള്ളില്‍ ബഹളംകേട്ട് റോഡിലൂടെ പോയ മത്സ്യകച്ചവടക്കാരി മോഹിനി ജനാലയിലൂടെ വീടിനുള്ളിലേക്ക് നോക്കി. അന്നമ്മയെ ഒരാള്‍ അക്രമിക്കുന്നതുകണ്ട് മോഹിനിയും അലറിവിളിച്ചു. ഇതിനിടയില്‍ വീട്ടില്‍നിന്നും മോഷ്ടാവ് ഇറങ്ങി ഓടി. പിന്നാലെ ഓടിയെത്തിയ അന്നമ്മ കൈയിലുണ്ടായിരുന്ന കറിക്കത്തികൊണ്ട് സ്‌കൂട്ടറില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച മോഷ്ടാവിന്റെ ഇടതുകൈക്ക് വെട്ടി. കൈക്ക് പരിക്കേറ്റ് രക്തം വാര്‍ന്നൊഴുകുന്ന നിലയില്‍ മോഷ്ടാവ് ബൈക്കില്‍ രക്ഷപ്പെട്ടു.
മകന്‍ ടോമിച്ചനും കുടുംബവും വിദേശത്തായതിനാല്‍ അന്നമ്മ തനിച്ചാണ് വീട്ടില്‍ താമസിക്കുന്നത്. ഇത് അറിയാവുന്നവരാണ് മോഷണത്തിനു പിന്നിലെന്ന് തൃക്കൊടിത്താനം പോലീസ് പറഞ്ഞു. ഇയാള്‍ ഡ്യുറോ സ്‌കൂട്ടറില്‍ ഹെല്‍മെറ്റ് ധരിച്ച് പോകുന്ന ദൃശ്യം നടയ്ക്കപ്പാടത്തിനു സമീപത്തുള്ള ഒരു കടയുടെ സിസി ടിവിയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ടെന്നും ഇത് പരിശേധിച്ചു വരികയാണെന്നും സംഭവസ്ഥലം സന്ദര്‍ശിച്ചശേഷം ഡിവൈഎസ്പി വി. അജിത് പറഞ്ഞു. ഡിവൈഎസ്പിയെ കൂടാതെ സിഐ ബിനു വര്‍ഗീസ്, തൃക്കൊടിത്താനം എസ്‌ഐ പി.കെ.രവി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. മോഷ്ടാവ് രക്ഷപ്പെട്ട സ്‌കൂട്ടറിന്റെ നന്പര്‍ മോഹിനി പോലീസിന് കൈമാറിയിട്ടുണ്ട്.