അമ്പലപ്പുഴ: അടഞ്ഞുകിടന്ന വീട്ടിൽനിന്ന് രണ്ടു ലക്ഷം രൂപയും ഒരു പവന്റെ ആഭരണവും മോഷണം പോയ സംഭവത്തിൽ അന്വേഷണം തുടങ്ങി.
നീർക്കുന്നം ബാലവിഹാറിൽ സുരേഷിന്റെ വീട്ടിലാണ് മോഷണം നടന്നത്. സുരേഷിന്റെ ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാലു ദിവസമായി ഇവർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു.
വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. സുരേഷ് ബുധനാഴ്ച വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയിലെ അലമാരയുടെ വാതിൽ തുറന്ന് വസ്ത്രങ്ങൾ വാരിയിട്ട നിലയിൽ കണ്ടെത്തിയത്.
അടുക്കളയോടു ചേർന്ന മുറിയുടെ വാതിൽ തകർത്ത നിലയിലുമായിരുന്നു. തുടർന്ന് നടത്തിയ പരിശോധയിലാണ് പണവും ഒരു പവൻ തൂക്കം വരുന്ന വളയും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.
പുന്നപ്ര പോലീസിൽ പരാതി നൽകിയതിനേത്തുടർന്ന് സംഭവ സ്ഥലത്ത് പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.