കാട്ടാക്കട: പട്ടാപ്പകൽ മുഖംമൂടി ധരിച്ചെത്തിയ കള്ളൻ വീട്ടിൽ കയറി മോഷണം നടത്തുകയും തടയാൻ ശ്രമിച്ച യുവതിയെ കത്തി കൊണ്ട് ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.
ശാസ്ത്രീയ പരിശോധന അടക്കമുള്ളവ നടത്താനാണ് നീക്കം.സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കും. സംഭവം നടന്ന വീട്ടിനടുത്ത് ഒരു മരണം നടന്നിരുന്നു. ഇവിടെ എത്തിയവരുടെ മൊഴിയും എടുക്കും. അതിനിടെ പരോളിൽ ഇറങ്ങിയ മുഖംമൂടി ധരിച്ച കളവ് നടത്തി ജയിലിയാവരുടെയും അവരുടെ കൂട്ടാളികളായവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനുള്ള നീക്കത്തിലാണ് പോലീസ്.
ഇന്നലെ ഉച്ചയ്ക്കാണ് കാട്ടാക്കടയ്ക്ക് സമീപം മംഗലയ്ക്കൽ പാറയിലുള്ള ഒരു വീട്ടിൽ മുഖംമൂടി ധരിച്ച മോഷ്ടാവെത്തി ഉറങ്ങുകയായിരുന്ന യുവതിയുടെ മാല കട്ടറുപയോഗിച്ച് അറുത്തു മാറ്റാൻ ശ്രമിച്ചത്. ഇതിനിടെ ഉണർന്ന യുവതിയെ കത്തി കൊണ്ട് കുത്തി പരുക്കേൽപ്പിക്കാൻ ശ്രമിച്ചു.
രക്ഷിതാക്കൾ സമീപത്തെ മരണ വീട്ടിൽ പോയ സമയത്തായിരുന്നു കവർച്ച. വീട്ടിൽ പെൺകുട്ടി ഉറക്കമായിരുന്നു.ഉച്ചയ്ക്ക് ഒന്നരയോടെ കതക് തുറന്ന് അകത്ത് കടന്ന കള്ളൻ മുറിയിൽ മേശപ്പുറത്തിരുന്ന കാൽ പവൻ തൂക്കമുള്ള മോതിരം കൈക്കലാക്കി.
പിന്നീട് ഉറങ്ങുകയായിരുന്ന യുവതിയുടെ മാല കട്ടർ ഉപയോഗിച്ച് മുറിക്കുന്നതിനിടെ യുവതി ഉണർന്നു. ഇതോടെ കള്ളൻ കത്തിയെടുത്തു. കത്തി കണ്ട് ഒഴിഞ്ഞ പെൺകുട്ടി കട്ടിലിൽ നിന്ന് താഴേക്ക് വീണു. ഇതിനിടെ കുത്ത് കട്ടിലിലെ വശത്തായി പതിച്ചു. മുറിയിലുണ്ടായിരുന്ന കസേരയെടുത്ത് യുവതി കള്ളനെ അടിച്ചു.
കള്ളന്റെ കണ്ണിന് പരിക്കേറ്റു. തുടർന്ന് കള്ളൻ വീടു വിട്ടിറങ്ങി ഓടി മറഞ്ഞു. കൈയുറയും മുഖംമൂടിയും ധരിച്ചാണ് കള്ളനെത്തിയതെന്നു വീട്ടുകാർ പറഞ്ഞു. കറുത്ത ടീ ഷർട്ടാണു വേഷം. ഇടത് കൈയിൽ വെള്ളി വള ധരിച്ചിരുന്നു. കണ്ണുകൾ മാത്രം പുറത്ത് കാണാവുന്ന നിലയിലായിരുന്നു.
കാട്ടാക്കട ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പോലീസെത്തി വിവരങ്ങൾ ശേഖരിച്ചു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ശാസ്ത്രീയ പരിശോധനയടക്കമുള്ള വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.