കോട്ടയം: കോവിഡ് വാക്സിൻ വിതരണത്തിനെന്ന പേരിൽ എത്തി വീട്ടമ്മയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പട്ടാപകൽ സ്വർണം കവർന്ന സംഭവത്തിൽ പ്രതിയേ തേടി പോലീസ്്. ഇതുമായി ബന്ധപ്പെട്ട് അയർക്കുന്നം, പാന്പാടി പ്രദേശങ്ങളിലെ നൂറോലം സിസിടിവി കാമറകൾ പോലീസ് പരിശോധിച്ചു.
ആളെക്കുറിച്ച് വ്യക്തമായ സൂചനയൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. അന്വേഷണം ഉൗർജിതമാക്കുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് ചീഫ് ഡി. ശില്പയുടെ നിർദേശാനുസരണം കോട്ടയം ഡിവൈഎസ്പി എം. അനിൽകുമാറിന്റെ നേതൃത്വത്തിൽ ഒന്‍പതംഗ അന്വേഷണ സംഘത്തെ കഴിഞ്ഞ ദിവസമാണ് നിയോഗിച്ചത്.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് അയർക്കുന്നം ചേന്നാമാറ്റത്താണ് സംഭവം. പുത്തൻപുരയ്ക്കൽ ജോസിന്റെ ഭാര്യ ലിസമ്മ(66)നെ കെട്ടിയിട്ടാണ് 29 പവൻ കവർന്നത്. സംഭവവുമായി ബന്ധപ്പെട്ട സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. പരിശോധനയിൽ സംഭവ സമയം വീടിനു സമീപം ഒരു ബൈക്ക് പാർക്ക് ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഈ ബൈക്ക് കേന്ദ്രകരിച്ചാണ് അന്വേഷണം. എന്നാൽ ഇതുവരെ ആരെയും കേന്ദ്രീകരിക്കാൻ സാധിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.ബൈക്ക് ഓടിച്ചു പോകുന്ന ആളെ ചിത്രത്തിൽ കാണാം. ഈ ചിത്രം ലിസമ്മയെ കാണിച്ചപ്പോൾ വീട്ടിൽ എത്തിയ ആളുമായി സാദൃശ്യമുള്ളതായി ലിസമ്മ പോലീസിനോടു പറഞ്ഞു. വിരലടയാള വിദഗ്ധർ വീട്ടിലെത്തി പരിശോധന നടത്തി.