കോട്ടയം: കോവിഡ് വാക്സിൻ വിതരണത്തിനെന്ന പേരിൽ എത്തി വീട്ടമ്മയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പട്ടാപകൽ സ്വർണം കവർന്ന സംഭവത്തിൽ പ്രതിയുടെ രേഖാചിത്രം തയാറാക്കാൻ പോലീസ് . പ്രദേശത്തെ അന്പതോളം സിസിടിവി കാമറകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണു പ്രതിയേക്കുറിച്ചുള്ള സൂചന പോലീസിനു ലഭിച്ചിട്ടുണ്ട്.
സമാന രീതിയിൽ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തുന്നവരെ കേന്ദ്രീകരിച്ചായിരുന്നു ആദ്യം അന്വേഷണം. ജില്ലാ പോലീസ് ചീഫ് ഡി. ശില്പയുടെ നിർദേശാനുസരണം കോട്ടയം ഡിവൈഎസ്പി എം. അനിൽകുമാറിന്റെ നേതൃത്വത്തിൽ ഒന്പതംഗ അന്വേഷണ സംഘത്തിനു കഴിഞ്ഞദിവസം രൂപം നൽകിയിരുന്നു.
സംഘത്തിന്റെ നേതൃത്വത്തിൽ സംഭവം നടന്ന വീടിനു സമീപമുള്ള സിസിടിവി കാമറകൾ ഇല്ലെങ്കിലും അഞ്ചു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ കാമറകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണു പ്രതിയേക്കുറിച്ച് സൂചന ലഭിച്ചത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് അയർക്കുന്നം ചേന്നാമാറ്റത്താണ് സംഭവം.
പുത്തൻപുരയ്ക്കൽ ജോസിന്റെ ഭാര്യ ലിസമ്മ(66)നെ കെട്ടിയിട്ടാണ് 29 പവൻ കവർന്നത്. സംഭവവുമായി ബന്ധപ്പെട്ട സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. പരിശോധനയിൽ സംഭവസമയം വീടിനുസമീപം ഒരു ബൈക്ക് പാർക്ക് ചെയ്യുന്നതായി കണ്ടെത്തിയിരുന്നു.
ഈ ബൈക്ക് കേന്ദ്രകരിച്ചായിരുന്നു അന്വേഷണം. ഇതുആരെയും കേന്ദ്രീകരിക്കാൻ സാധിച്ചിട്ടില്ലെന്നു പോലീസ് പറഞ്ഞു. ബൈക്ക് ഓടിച്ചു പോകുന്ന ആളെ ചിത്രത്തിൽ കാണാം. ഈ ചിത്രം ലിസമ്മയെ കാണിച്ചപ്പോൾ വീട്ടിൽ എത്തിയ ആളുമായി സാദൃശ്യമുള്ളതായി ലിസമ്മ പോലീസിനോടു പറഞ്ഞിരുന്നു.
സംഭവദിവസം ഉച്ചകഴിഞ്ഞു പ്രദേശത്തു കൂടി ഒരു ബൈക്ക് അമിതവേഗതയിൽ പോകുന്നതു കണ്ടതായി അയൽവാസികളും പറഞ്ഞു. വിരലടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി.