കാട്ടാക്കട : വണ്ടന്നൂരിൽ വ്യാപക മോഷണം. വണ്ടന്നൂർ സ്വദേശി കുമാറിന്റെ വീട്ടിൽല നിന്നും രണ്ടായിരം റബ്ബർ ഷീറ്റുകളും പണവും സ്വർണവും സുരക്ഷാ സംവിധാനത്തിന്റെ ഉപകരണങ്ങളും മോഷണം പോയി. കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത് എന്നാണ് പ്രാഥമിക നിഗമനം.ഏതാനും റബ്ബർ ഷീറ്റുകൾ വീട്ടിൽ ഉപേക്ഷിച്ചിട്ടുമുണ്ട്.
റബ്ബർ ഷീറ്റും സ്വർണ്ണവും പണവും കവർന്നു സമീപത്ത് വിഷ്ണുവിന്റെ കൃഷ്ണവിലാസം വീട്ടിൽ അലമാര കുത്തിത്തുറന്ന് ഒരുപവനോളം വരുന്ന ബ്രെസ്ലെറ്റും അയ്യായിരം രൂപയും കവർന്നു. വീട്ടുകാർ ചികിത്സാർത്ഥം ആശുപത്രിയിൽ പോയിരുന്ന സമയത്താണ് മോഷണം.
ഇതിനടുത്ത് മറ്റൊരു വീട്ടിൽ നിന്നും ഇൻവെർട്ടറും ബാറ്ററിയും കള്ളൻ കൊണ്ട് പോയി. കഴിഞ്ഞ ദിവസം തൊഴിലുറപ്പു ജോലിക്കിടെ ഉച്ച ഊണിനായി വീട്ടിലേക്ക് മടങ്ങിയ ചെന്നിയോട് പ്ലാവിള വീട്ടിൽ ബ്രിജിറ്റാളിനെ തടഞ്ഞു നിർത്തി മാലയുമായി കള്ളൻ കടന്ന സംഭവവും ഉണ്ടായി.
ആഴ്ചകൾക്കു മുൻപാണ് വണ്ടന്നൂർ ദേവി ക്ഷേത്രത്തിൽ മോഷണ ശ്രമവും സമീപ വീട്ടിൽ നിന്ന് പതിനെട്ടു പവനോളം സ്വർണ്ണവും കള്ളൻ കൊണ്ട് പോയത്. പോലീസ് പട്രോളിംഗ് കാര്യക്ഷമമാക്കണമെന്നും മോഷണത്തിന് ശാശ്വത നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.