കോട്ടയം: രാമപുരം മാനത്തൂരിൽ മുറുക്കാൻ കടയിൽ കയറി സ്ത്രീയുടെ ഒരു പവൻ വരുന്ന മാല മോഷ്ടിച്ച കേസിൽ അറസ്റ്റിലായ യുവാക്കൾ നിരവധി കേസുകളിൽ പ്രതികൾ.
തിരുവനന്തപുരം പള്ളിപ്പുറം പാച്ചിറ ചായിപ്പുറത്ത് ഷഫീഖ്(23), സഹോദരൻ ഷമീർ(20), രാമപുരം മങ്കുഴിച്ചാലിൽ അമൽ(20) എന്നിവരെയാണ് രാമപുരം സിഐ അനിൽകുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
തിരുവനന്തപുരം ജില്ലയിലെ രണ്ട് ബൈക്ക് മോഷണം, തമിഴ്നാട്ടിൽനിന്നുള്ള ഒരു ബൈക്ക് മോഷണം, മണർകാട് പോലീസ് സ്റ്റേഷൻ പരിധിയിൽ 52,000 രൂപയുടെ മോഷണം, പൊൻകുന്നം സ്റ്റേഷനിലെ പോലീസുകാർക്കുനേരെ മുളകുപൊടി എറിഞ്ഞ കേസ് തുടങ്ങി നിരവധി കേസുകളിൽ പ്രതികളാണ് ഇവർ.
ഇവരുടെ പേരിൽ കേരളത്തിലെ പല ജില്ലകളിലും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാമപുരം സ്വദേശിയായ അമലിന് രാമപുരം സ്റ്റേഷനിൽ തന്നെ നിരവധി കേസുകൾ ഉണ്ട്.പാലാ ഡിവൈഎസ്പി പ്രഫുല്ല ചന്ദ്രന്റെ നിർദേശാനുസരണമാണു പ്രതികളെ കഴക്കൂട്ടത്തുവച്ച് അറസ്റ്റ് ചെയ്തത്.
എസ്ഐ ഡിനി, സ്ക്വാഡ് അംഗങ്ങളായ തോമസ് സേവ്യർ, ഷെറിൻ മാത്യു, അരുണ്‍ ചന്ദ്, കൃഷ്ണകുമാർ എന്നിവർ അടങ്ങിയ പോലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും.