കോട്ടയം: പള്ളികളും ക്ഷേത്രങ്ങളും കേന്ദ്രീകരിച്ചുള്ള മോഷണം ജില്ലയിൽ പെരുകുന്നു. ജില്ലയുടെ വിവിധ ഇടങ്ങളിൽ കാണിക്കവഞ്ചികളും നേർച്ചക്കുറ്റികളും കുത്തിത്തുറന്നുള്ള മോഷണം രണ്ടാഴ്ചയ്ക്കുള്ളിൽ നാലിടത്താണ് റിപ്പോർട് ചെയ്തത്.
ചൊവ്വാഴ്ച രാത്രിയിൽ വൈക്കം ചെന്പ് മുസ്ലിം പള്ളിയിലെ നേർച്ചക്കുറ്റിയാണ് മോഷ്്ടാക്കൾ കുത്തിത്തുറന്നത്. ഇന്നലെ രാവിലെ പള്ളിയിലെത്തിയവരാണ് നേർച്ചക്കുറ്റി തകർത്തു മോഷണം നടത്തിയത് കണ്ടെത്തിയത്.നേർച്ചക്കുറ്റിയിൽനിന്നു പണമെടുത്തിട്ടു മൂന്നു മാസമായി.
മോഷ്ടാവിന്റെ ചിത്രം പള്ളിയിലെ സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ടെങ്കിലും വ്യക്തമല്ലെന്ന് പോലിസ് പറഞ്ഞു.സമീപ സ്ഥലങ്ങളിലെ കാമറാ ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു വരികയാണ്. ശനിയാഴ്ച രാത്രിയിലാണ് ചങ്ങനാശേരി വാഴപ്പള്ളി പടിഞ്ഞാറ് ഗുരുകുലം എസ്എൻഡിപി യോഗം ചങ്ങനാശേരി യൂണിയനിലെ 5229-ാം നന്പർ ശാഖയിൽ കാണിക്കവഞ്ചികളും ഓഫീസും കുത്തിത്തുറന്ന് മോഷണം നടത്തിയത്.
ഇവിടെ നിന്നും 18000 രൂപയോളം മോഷണം പോയതായി ശാഖാ ഭാരവാഹികൾ പറഞ്ഞു.ചങ്ങനാശേരി പോലീസും കോട്ടയത്തു നിന്നും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധനകൾ നടത്തിയെങ്കിലും പ്രതികളെക്കുറിച്ചു ഇതുവരെ വിവരം ഒന്നും ലഭിച്ചിട്ടില്ല.
സമാന രീതിയിൽ ചിങ്ങവനം പോലീസ് സ്റ്റേഷൻ പരിധിയിൽ മറിയപ്പള്ളി എസ്എൻഡിപി ശാഖയിലെ കാണിക്ക വഞ്ചിയും കുത്തിത്തുറന്ന് മോഷണം നടന്നത് കഴിഞ്ഞയാഴ്ചയാണ്.
ചങ്ങനാശേരി റയിൽവേ സ്റ്റേഷനു സമീപം മേരി മൗണ്ട് കുന്നേപ്പള്ളിയിൽ മോഷണം നടന്ന് ഒരു മാസം പിന്നിടുന്നു. ഈ കേസുകളിലൊന്നും പ്രതികളെ പിടികൂടാൻ പോലീസിനു കഴിഞ്ഞിട്ടില്ല.