കായംകുളം: വള്ളികുന്നം ചുനാട് തെക്കേ ജംഗ്ഷനിലെ ജുവലറിയിലും ബേക്കറിയിലും കവർച്ച നടത്തിയ സ്ത്രീകൾ ഉൾപ്പെടുന്ന നാലംഗ സംഘത്തെ വള്ളികുന്നം പോലീസ് അറസ്റ്റ് ചെയ്തു.
കരുനാഗപ്പള്ളി കാരൂർക്കടവ് മീതുഭവനത്തിൽ നിഥിൻ ,വള്ളികുന്നം ഇലിപ്പക്കുളം തോട്ടിങ്കല്‍ കിഴക്കതില്‍ സജിലേഷ്, എറണാകുളം കുമ്പളങ്ങി താന്നിക്കൽ സലിലിന്റെ ഭാര്യ പ്രീത, തിരുവനന്തപുരം വെഞ്ഞാറുംമൂട് പൂവൻ വിളവത്ത് ഷിബുവിന്റെ ഭാര്യ അനു എന്നിവരെയാണ് ചെങ്ങന്നൂര്‍ എസ് പി ആര്. ജോസ് വള്ളികുന്നം പോലീസ് ഇൻസ്പെക്ടർ ഡി .മിഥുൻ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ച്ച പുലർച്ചയോടെ ചുനാട് തെക്കേ ജംഗ്ഷനിലെ ജാസ്മിൻ ജുവലറിയുടെ ഷട്ടര്‍ ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്ത് മോഷണം നടത്താൻ ശ്രമിക്കുകയും സമീപത്തെ സിറ്റിബേക്കറി കുത്തിത്തുറന്ന് മോഷണം നടത്തുകയും ചെയ്ത സംഭവത്തിലാണ് ഇവർ പിടിയിലായത്.
കടകളിലെ സി സിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷങ്ങൾക്കൊടുവിലാണ് പ്രതികൾ പിടിയിലായത്. അഞ്ചാംകുറ്റി ഭാഗത്ത് നിന്നാണ് ഇവരെ പിടികൂടിയത് . ഗ്യാസ് കട്ടറുകളും ഒക്സിജന്‍ സിലണ്ടർ ഉൾപ്പടെയുള്ള ഉപകരണങ്ങളുമായി വെള്ള ടാറ്റ കാറിലാണ് സ്ത്രീകള്‍ ഉൾപ്പെടുന്ന സംഘം എത്തിയതെന്നും പോലീസ് കണ്ടെത്തി.
പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനത്തെക്കുറിച്ച് നിർണായക വിവരം ലഭിച്ചതും പോലീസിന് മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ വലയിലാക്കാൻ സഹായിച്ചു. എസ് ഐ അൻവർ സാദത്ത്, പോലീസ് ഉദ്യോഗസ്ഥരായ മനീഷ്, ജിഷ്ണു, ഷാജി എന്നിവരും പ്രതികളെ പിടികൂടുന്ന അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.