കുമരകം: കുട്ടിക്കള്ളന്മാർക്ക് പണം ഏറെ ആവശ്യമാണ്. ധൂർത്തിനു പുറമേ ലഹരിക്കും പണം തികയാതെ വന്നപ്പോൾ മോഷണം കലയാക്കി.
കുമരകത്തെ ആരാധനാലയങ്ങളുടെ ഭണ്ഡാരം കുത്തിത്തുറന്നു മോഷണം വെളിപ്പെട്ടതു മറ്റൊരു മോഷണ സംഭവത്തിൽ പിടിയിലാവരിലൂടെ. കോട്ടയം നഗരത്തിലെ തിയറ്ററിൽ സെക്കൻഡ് ഷോ കാണാനെത്തിവരുടെ ബൈക്ക് മോഷ്ടിച്ച രണ്ടു യുവാക്കളിലൂടെയാണ് കുമരകം ക്ഷേത്രത്തിൽ നടന്ന മോഷണ സംഭവം ചുരുളഴിയുന്നത്.
തൊടുപുഴ ഒളമറ്റം ഞണ്ടിറുകണ്ണിൽ അഖിലേഷ് പീറ്റർ (18), തൊടുപുഴ പാറശേരി ജഗൻ സുരേഷ് (19) എന്നവരെയാണ് കഴിഞ്ഞ ദിവസം കോട്ടയം വെസ്റ്റ് പോലീസ് പിടികൂടിയത്.
കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപമുള്ള തിയറ്ററിൽ സിനിമ കാണാൻ എത്തിയവരുടെ ബൈക്കാണ് മോഷണം പോയത്. ബൈക്കുമായി കടന്നു കളഞ്ഞ ഇരുവരേയും തൊടുപുഴയിൽ നിന്നും പിടികൂടുകയായിരുന്നു.
ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കുമരകത്തു ക്ഷേത്രത്തിൽ നടന്ന മോഷണവിവരവും പുറത്താകുന്നത്. ഇവരുടെ സുഹൃത്തായ മറ്റൊരാളായിരുന്നു കുമരകത്തെ മോഷണത്തിനു പിന്നിൽ.
പള്ളിച്ചിറയിലുള്ള ഗുരുമന്ദിരത്തിലെ കാണിക്ക വഞ്ചിയും പണവും മോഷ്ടിച്ചത് പ്രായപൂർത്തിയാകാത്ത കുട്ടികളായിരുന്നു. ഇവരെ കുമരകം പോലീസ് പിടികൂടി.
തിരുവഞ്ചൂർ സ്വദേശികളായ 16-ഉം 17- ഉം വയസുള്ള മൂന്നു കുട്ടികളാണ് പിടിയിലായത്. ഒരു ബൈക്കിൽ കുമരകത്തെത്തി കന്പിവടി ഉപയോഗിച്ച് തുടൽ പൊട്ടിച്ച് കാണിക്ക വഞ്ചി എടുത്തു പോകുകയായിരുന്നെന്ന് കുമരകം എസ്ഐ വി. സുരേഷ് പറഞ്ഞു.
ബൈക്കിൽ ഇരുന്ന് തന്നെ ഭണ്ഡാരത്തിന്റെ മുകൾ ഭാഗം വേർപെടുത്തി റോഡരികിലേക്ക് എറിഞ്ഞു. പിന്നീട് വിജനമായ ചെങ്ങളം താഴത്തെറയിലുള്ള പ്രാർഥനാലയത്തിൽ എത്തി സ്റ്റീൽ ഭണ്ഡാരം തുറന്ന് പണവുമായി കടന്നു കളയുകയായിരുന്നു. ഇവരിൽ രണ്ടു പേരെ മറ്റൊരു മോഷണ കേസിൽ വെസ്റ്റ് പോലീസ് പിടികൂടിയിരുന്നു.
കോടതിയിൽ ഹാജരാക്കിയ ബൈക്ക് മോഷണ കേസിലെ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കാണിക്ക വഞ്ചിയും പണവും മോഷ്ടിച്ച പ്രതികളെ പ്രായപൂർത്തിയാകാത്തവർക്കുള്ള തടവറയിലുമാക്കി.