തൃശൂർ: ഒരുമാസത്തിനിടെ രണ്ടു സ്ത്രീകളുടെ മാല കവർച്ച നടത്തിയ ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ. അരിന്പൂർ കൊള്ളന്നൂർ താഞ്ചപ്പൻ ആന്ദനെയാണ് ഷാഡൊ പോലീസും ഈസ്റ്റ് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.
തിരുവന്പാടി അന്പലത്തിനു സമീപം നടന്നു പോകുകയായിരുന്ന വെട്ടുകാട് മാപ്പാണൻ ലതയുടെ രണ്ടര പവന്റെ മാലയും തൃശൂർ നന്ദം അപ്പാർട്ട്മെന്റിലെ ലക്ഷ്മി പ്രസാദിന്റെ മൂന്നു പവന്റെ മാലയുമാണ് ബൈക്കിലും സ്കൂട്ടറിലുമായി വന്നു കവർച്ച നടത്തിയത്.
വ്യത്യസ്ത വാഹനങ്ങളിലാണ് മോഷ്ടാവ് വന്നതെങ്കിലും ഹാൻഡലിൽ സഞ്ചിയുണ്ടായിരുന്നെന്ന് അന്വേഷണസംഘത്തിനു സൂചന ലഭിച്ചു. ഇതേത്തുടർന്ന് തിരുവന്പാടി അന്പലത്തിനു സമീപത്തെ വഴികളിൽ പ്രതിയെ കാത്ത് പോലീസ് നിന്നു.
ഇന്നലെ ബൈക്കിൽ സഞ്ചിയുമായി വരികയായിരുന്ന പ്രതിയെ പിന്തുടരുകയും ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.മൂന്നാമതും കവർച്ച ചെയ്യാൻ വരുന്നതിനിടെയാണു അറസ്റ്റ്.
സിറ്റി ഡിസിആർബി എസിപി ബിജോ അലക് സാണ്ടർ, ഈസ്റ്റ് സിഐ ഐ. ഫിറോസ്, എസ്ഐമാരായ എസ്. അൻഷാദ്, എസ്. സിനോജ്, ഷാഡോ പോലീസ് എസ്ഐമാരായ ഗ്ലാഡ്സ്റ്റൻ, രാജൻ, സുവ്രതകുമാർ, റാഫി, ഗോപാലകൃഷ്ണൻ, രാകേഷ്, എഎസ്ഐ ഗോപിനാഥൻ, എസ്സിപിഒ പഴനി സ്വാമി, ജീവൻ, ലികേഷ്, വിപിൻ എന്നിവരും ഉണ്ടായിരുന്നു.