ഹരിപ്പാട് :കേരളത്തിലെ തീരദേശങ്ങൾ കേന്ദ്രീകരിച്ച് മൽസ്യ ബന്ധന ഉപകരണങ്ങൾ മോഷിടീക്കുന്ന സംഘത്തെ പിടികൂടി. മോഷണം നടത്തിയ എൻജിൻ വിൽക്കാൻ ശ്രമിക്കുന്നതിനിടെ തൃക്കുന്നപ്പുഴ പോലീസാണ് പ്രതികളെ വലയിലാക്കിയത്.
ആലപ്പുഴ കോമളപുരം വടക്കനാര്യാട് തലവടി തിരുവിളക്ക് അമ്പലത്തിന് സമീപം വാടകക്ക് താമസിക്കുന്ന ആലപ്പുഴ പാതിരപ്പള്ളി തെക്കനാര്യാട് തെക്കേ പാലക്കൽ വീട്ടിൽ ബിജു (40) ആലപ്പുഴ നഗരസഭ കൊറ്റംകുളങ്ങര വാർഡിൽ കളാത്ത് എസ്.എൻ.ഡി.പി ഗുരുമന്ദിരത്തിന് സമീപം കാളാത്ത് വെളിയിൽ ശ്യാംലാൽ (45)തെക്കനാര്യാട് ഒറ്റക്കണ്ടത്തിൽ ലിജോ ചാക്കോ (43) എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും പ്രതികൾ.
ഇവർ മോഷണം നടത്തി വിറ്റ മൂന്ന് മൽസ്യ ബന്ധന എൻജിനുകൾ,200 കിലോയോളം ഈയം കൊണ്ട് നിർമിച്ച വലമണികളും വിവിധ സ്ഥലങ്ങളിൽ നിന്നായി പോലീസ് കണ്ടെടുത്തു. പ്രതികൾക്കെതിരെ ഏഴ് കേസുകൾ രജിസ്റ്റർ ചെയ്തു.ബിജുവാണ് മോഷണത്തിന്റെ സൂത്രധാരൻ.
സമാന കേസിൽ കേരളത്തിലെ വിവിധ സ്റ്റേഷനുകളിലായി ഇയാൾക്ക് 14 കേസുകൾ നിലവിലുണ്ട്. 2014-ൽ സമാന രീതിയിലുള്ള മോഷണത്തിന്റെ പേരിൽ തോട്ടപ്പള്ളി കോസ്റ്റൽ സ്റ്റേഷനിൽ നാലു കേസടക്കം ആലപ്പുഴ ജില്ലയിൽ ഏഴ് കേസുകളിലെ പ്രതിയാണ്. രണ്ട് തവണ ജയിൽ വാസവും അനുഭവിച്ചിട്ടുണ്ട്.
ആഡംബരകാറുകൾ വാടകക്കെടുത്താണ് മോഷണത്തിനിറങ്ങുന്നത്. ഗുരുവായൂർ മുതൽ അഴീക്കൽ വരെയുള്ള സ്ഥലങ്ങളാണ് പ്രധാന മോഷണ കേന്ദ്രങ്ങൾ. ആലപ്പുഴയിലും എറണാകുളത്തും വൈപ്പിനിലും തൃക്കുന്നപ്പുഴയിലും ഇയാൾ ജോലി ചെയ്തിട്ടുണ്ട്.
ഈ സ്ഥലങ്ങളിലെ സൗഹൃദങ്ങൾ ഉപയോഗപ്പെടുത്തി തീരദേശങ്ങളിലെ സുഹൃത്തുക്കളുടെ വീടുകളിൽ പകൽ സമയങ്ങളിൽ സ്ഥിരമായി എത്തുകയും പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കുകയും ചെയ്യും. രാത്രിയെത്തി ഈ സ്ഥലങ്ങളിലെ മൽസ്യബന്ധന ഉപകരണങ്ങൾ മോഷണം നടത്തുകയുമാണ് ഇയാളുടെ പതിവ്.
ഹൗസ് ബോട്ടിന്റെ ഉടമയെന്നാണ് എല്ലാവരോടും പറഞ്ഞിരുന്നത്. നല്ല വേഷവിധാനങ്ങളോടെ ആഡംബര കാറുകളിൽ എത്തുന്ന ഇയാളെ ആരും സംശയിച്ചിരുന്നില്ല.
ഹൗസ് ബോട്ടിന് ഉപയോഗിച്ച എൻജിനുകൾ വില്പനക്കുണ്ടെന്ന് സുഹൃത്തുക്കളെ അറിയിക്കുകയും ആവശ്യക്കാർ ചോദിക്കുന്ന എൻജിൻ മോഷ്ടിച്ച് തുഛവിലക്ക് വിലപന നടത്തുകയുമാണ് ഇയാൾ നാളുകളായി ചെയ്ത് വരുന്നത്. അടുത്തിടെ നിരവധി മോഷണങ്ങളാണ് തൃക്കുന്നപ്പുഴ ആറാട്ടുപുഴ തീരദേശങ്ങളിൽ നടന്നത്.
മൽസ്യത്തൊഴിലാളികളുടെ സഹകരണത്തോടെ പോലീസ് അന്വേഷണം ഊർജിതമായി നടത്തുന്നതിനിടയിൽ പഴയ എൻജിൻ വിൽക്കാനുണ്ടെന്ന് പറഞ്ഞ് തന്നെ ഒരാൾ സമീപിച്ച വിവരം തൃക്കുന്നപ്പുഴ സ്വദേശിയാ മൽസ്യതൊഴിലാളി തൃക്കുന്നപ്പുഴ പോലീസിനെ വിവരം അറിയിച്ചതാണ് പ്രതികളെ കുടുക്കാൻ ഇടയാക്കിയത്.
തൂടർന്ന് തൃക്കുന്നപ്പുഴ പോലീസ് ഇൻസ്പെക്ടർ ടി ദിലീഷിന്റെ നിർദേശ പരകാരം സി.പി.ഒ മാരായ ഷാജഹാൻ , കിഷോർ,രാഹുൽ എന്നിവർ എന്നിവർ മൽസ്യത്തൊഴിലാളികളായി അഭിനയിച്ച് പ്രതിയെ സമീപിക്കുകയും ഒന്നര ലക്ഷത്തോളം രൂപ വിലവരുന്ന എൻജിൻ 60000 രൂപക്ക് കച്ചവടം ഉറപ്പിക്കുകയും ചെയ്തു.
തുടർന്ന് എൻജിൻ കൈമാറാനായി തൃക്കുന്നപ്പുഴയിൽ എത്തുമ്പോഴാണ് മതുക്കൽ ഭാഗത്ത് വെച്ച് ശനിയാഴ്ച് ഉച്ചക്ക് പ്രതികൾ പോലീസിന്റെ പിടീയിലാകുന്നത്. ഒരു എഞ്ചിനും എർട്ടിഗാ കാറും പോലീസ് കസ്റ്റഡിയിലെടൂത്തു.തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഞാറക്കൽ ഭാഗത്തുനിന്നും മോഷ്ടിച്ച് കരുനാഗപ്പള്ളി ഭാഗത്ത് വില്പന നടത്തിയ രണ്ട് എൻജിനുകളും വൈപ്പിൻ ഫോർട്ട് കൊച്ചി ആക്രിക്കടകളിൽ വിറ്റ 50000 രൂപയോളം വിലവരുന്ന 200 കിലോഗ്രാം വലമണികളും പിടികൂടി.
ആറാട്ടുപുഴ തൃക്കുന്നപ്പുഴ ഭാഗങ്ങളിൽ നിന്നും അടുത്തിടെ മോഷണം നടത്തിയ മൽസ്യ ബന്ധൻ ഉപകരണങ്ങളിൽ കുറഞ്ഞ അളവിൽ വലമണികൾ മാത്രമാണ് കണ്ടെത്തിയത് എൻജിനുകൾ ഒന്നും കണ്ടെത്താനായില്ല. . ബിജു ഓരോ മോഷണത്തിനും പലരെയാണ് കൂടെ കൂട്ടുന്നത്. അതുകൊണ്ട് തന്നെ വലിയ സംഘം ഇതിന് പിന്നിലുണ്ടെന്ന് പോലീസ് സംശയിക്കുന്നു. റിമാന്റിന് ശേഷം പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടൂപ്പ് നടത്തും.