കോട്ടയം: മകളുടെ വിവാഹ ആവശ്യത്തിനുള്ള സ്വർണം വാങ്ങാൻ വായ്പയെടുത്ത നാലുലക്ഷം രൂപയുമായി ബസിൽ കയറിയ ദന്പതികളുടെ പണം കവർച്ച ചെയ്യപ്പെട്ട സംഭവത്തിൽ രണ്ടു പോലീസ് സറ്റേഷനുകളിൽ പരാതി നല്കിയെങ്കിലും കേസ് രജിസ്റ്റർ ചെയ്തില്ല.
തിരുവഞ്ചൂർ കൂനംപുരയിടം ഫിലിപ്പ്, ഭാര്യ ക്ലാരമ്മ എന്നിവർ കഴിഞ്ഞ ചൊവ്വാഴ്ച മകളുടെ വിവാഹ ആവശ്യത്തിന് സ്വർണം വാങ്ങാൻ അയർക്കുന്നത്തുനിന്ന് കോട്ടയത്തിനു വരുന്പോഴാണ് ബാഗിൽ സൂക്ഷിച്ചിരുന്ന നാലു ലക്ഷം രൂപ നഷ്ടപ്പെട്ടത്. ക്ലാരമ്മയുടെ ബാഗിലാണ് പണം സൂക്ഷിച്ചിരുന്നത്.
ബസിലെ തിരക്കിനിടയിൽ മോഷ്ടാവ് ബാഗിന്റെ സിബ്ബ് ഉൗരി പണം എടുത്ത ശേഷം സിബ്ബ് അതേപടി അടച്ചു വച്ചു. തിരുനക്കര സ്റ്റാൻഡിൽ ബസിൽ ഇറങ്ങിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. കഴിഞ്ഞ 20ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഇവർ കോട്ടയത്ത് എത്തിയത്. അപ്പോൾ തന്നെ വിവരം തിരുനക്കര സ്റ്റാൻഡിലെ എയ്ഡ് പോസ്റ്റിൽ അറിയിച്ചു.
അവർ പറഞ്ഞതനുസരിച്ച് വെസ്റ്റ് സ്റ്റേഷനിൽ പരാതി നല്കി. പിന്നീട് വെസറ്റ് സ്റ്റേഷനിൽ നിന്ന് അറിയിച്ചതനുസരിച്ച് അയർക്കുന്നം പോലീസ് സ്റ്റേഷനിലും പരാതി നല്കി. എന്നാൽ രണ്ടിടത്തും കേസ് രജിസ്റ്റർ ചെയ്തില്ല.
വെസ്റ്റിൽ കേസുള്ളതിനാലാണ് തങ്ങൾ കേസെടുക്കാത്തതെന്ന് അയർക്കുന്നം പോലീസ് പറഞ്ഞു. പണം നഷ്ടപ്പെട്ടവർക്ക് ആയതിന്റെ രേഖകൾ ഹാജരാക്കാൻ കഴിയാത്തതിനാലാണ് കേസെടുക്കാത്തതെന്ന് വെസ്റ്റ് പോലീസ് അധികൃതർ അറിയിച്ചു. പരാതിയിൽ അന്വേഷണം തുടരുകയാണെന്നും വെസ്റ്റ് പോലീസ് പറയുന്നു. അതേ സമയം പോലീസ് കേസെടുത്തെന്നു കരുതിയിരിക്കുകയാണ് പണം നഷ്ടപ്പെട്ട പാവങ്ങൾ.
തങ്ങൾ നല്കിയ പരാതിയിൽ ഒരു നടപടിയും സ്വീകരിച്ചില്ല എന്ന വിവരം ഫിലിപ്പ് അറിഞ്ഞിട്ടില്ല. ഇന്നലെ ഫിലിപ്പുമായി ബന്ധപ്പെട്ടപ്പോഴും കേസെടുത്തില്ല എന്ന കാര്യം അദേഹം അറിഞ്ഞിട്ടില്ല. പോലീസ് ഇതുവരെ വിളിച്ചില്ലെന്നും അന്വേഷണം എന്തായി എന്ന് അറിയില്ലെന്നുമാണ് കൂലിപ്പണിക്കാരനായ ഫിലിപ്പ് പറഞ്ഞത്.
ജില്ലാ സഹകരണ ബാങ്ക് അയർക്കുന്നം ശാഖയിൽ നിന്ന് വായ്പയായെടുത്തതാണ് നാലു ലക്ഷം രൂപ. ആകെ അഞ്ചു ലക്ഷം രൂപയാണ് ഇവർ വസ്തു പണയപ്പെടുത്തി വായ്പയെടുത്തത്. ഇതിൽ നാലു ലക്ഷം പിൻവലിച്ച് അതുമായാണ് സ്വർണം വാങ്ങാൻ പോയത്.
എന്നാൽ വായ്പയെടുത്തതിന്റെ രേഖകൾ ഹാജരാക്കാൻ ഫിലിപ്പിനോട് പോലീസ് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല.
ആവശ്യപ്പെട്ടിരുന്നുവെങ്കിൽ ബാങ്കിലെ വായ്പാ രേഖകൾ ഹാജരാക്കുമായിരുന്നു. കേസെടുക്കുന്നതിന് ഇത്തരം രേഖകൾ ആവശ്യമാണെന്നൊന്നും പാവപ്പെട്ടവർക്ക് അറിയില്ല. ഒരു കടലാസിൽ എഴുതി നല്കുന്ന പരാതിയിൽ കേസ് രജിസറ്റർ ചെയ്യുമെന്നു കരുതിയിരിക്കുകയാണ് ഇവർ.
പോലീസ് അന്വേഷിച്ച് പ്രതിയെ പിടികൂടി തങ്ങളുടെ പണം തിരികെ കൊണ്ടുതരുമെന്നും അവർ വിശ്വസിക്കുന്നു. എന്നാൽ രണ്ടു സ്റ്റേഷനുകളിൽ നല്കിയ പരാതിയിൽ ഒരു കേസ് പോലും രജിസ്റ്റർ ചെയ്തിട്ടില്ല എന്നതാണ് സത്യം. പോലീസ് കേസെടുക്കാത്തത് മന:പൂർവമാണോ അതോ വീഴ്ച സംഭവിച്ചതാണോ എന്നു വ്യക്തമല്ല. അതേ സമയം കേസെടുക്കാത്തതിനെക്കുറിച്ച് വെസ്റ്റ് എസ്എച്ച്ഒയുടെ പ്രതികരണത്തിനായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.