ചെങ്ങന്നൂർ: ആല നെടുവരംകോട് എസ്എൻഡിപി യോഗം 71 -ാം നമ്പർ ശാഖ ഓഫീസിൽ മോഷണം. 38000 രൂപ കവർന്നു. ശനിയാഴ്ച വൈകിട്ട് ശാഖ സെക്രട്ടറി രാജു ഓഫീസിൽ എത്തിയപ്പോൾ കതക് ചാരിയിട്ടനിലയിൽ കാണപ്പെട്ടു.
തുടർന്ന് നടത്തിയ പരിശോധനയിൽ ഓഫീസിനുള്ളിലെ രണ്ട് അലമാരകളും കുത്തി പൊളിച്ച നിലയിലായിരുന്നു. ചെങ്ങന്നൂർ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസെത്തി അവരുടെ സാന്നിധ്യത്തിൽ നടത്തിയ വിശദമായപരിശോധനയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന 38000 രൂപ നഷ്ടപ്പെട്ടതായും കണ്ടെത്തി.
ഫെബ്രുവരി 20 ന് മന്ദിരത്തിലെ ഉത്സവം കഴിഞ്ഞ ശേഷമുള്ള നീക്കിയിരിപ്പ് തുകയും, പത്രിക എടുത്ത വകയിലും കാണികവഞ്ചിയിലെ പണവും ചേർത്ത് 38000 രൂപയാണ് ഓഫീസിലെ അലമാരയിൽ സൂക്ഷിച്ചിരുന്നത്. ചെവാഴ്ച രാത്രി 7.30 ന് സെക്രട്ടറി രാജു ഓഫീസ് പൂട്ടിപ്പോയ ശേഷം പിന്നീട് ശനിയാഴ്ച വൈകിട്ട് 6 മണിക്കാണ് ഓഫീസിൽ തിരിച്ചെത്തുന്നത്.
എല്ലാ ദിവസവും ഗുരുമന്ദിരത്തിലെ പൂജാരിയും കഴകക്കാരനും ഇവിടെ എത്താറുണ്ടായിരുന്നെങ്കിലും ഓഫീസ് മുറിയുടെ പൂട്ട് പൊളിച്ചത് ഇവരുടെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. അതേ സമയം മോഷ്ടാവ് ഓഫീസ് കെട്ടിടത്തിലെ സ്റ്റോർ റൂമിലോ മറ്റ് മുറികളിലോ കാണിക്കവഞ്ചിയിലോ മോഷണ ശ്രമം നടത്തിയിട്ടില്ല എന്നും സെക്രട്ടറി പറഞ്ഞു.
ആലപ്പുഴയിൽ നിന്നും ഡോഗ് സ്ക്വാഡ് എത്തി പരിശോധന നടത്തി. ഗുരു മന്ദിരത്തിൻ്റെമുൻവശത്തെ റോഡിലൂടെ വടക്ക് ഭാഗത്തേക്ക് ഓടിയ പോലീസ് നായ സച്ചിൻ അവിടെ നിന്നും രണ്ടര കിലോമീറ്റർ മാറി ആല കിഴക്ക് ചെങ്കിലാത്തിൽപ്പടി ജംഗ്ഷനിൽ വന്നാണ് നിന്നത്.
വിരലടയാള വിദഗ്ധരും എത്തി കുടുതൽ പരിശോധനകൾ നടത്തി തെളിവുകൾ ശേഖരിച്ചു.ചെങ്ങന്നൂർ സിഐ സി.ബിജു കുമാറിൻ്റെ നേതൃത്യത്തിൽ അന്വേഷണം പുരോഗമിക്കുന്നു.