ഏറ്റുമാനൂർ: ലോക്ഡൗണിനെ തുടർന്നു ആളുകൾ വീട്ടിലുണ്ടായിട്ടും കാര്യമില്ല. തസ്കരന്മാർ രാത്രികളിൽ വീടുകൾ ലക്ഷ്യമാക്കി എത്തുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ മാടപ്പാട് പ്രദേശത്താണ് മോഷണശ്രമം നടന്നത്.
വ്യാഴാഴ്ച പുലർച്ചെ 2.30നു മാടപ്പാട് പ്രദേശത്ത് എത്തിയ മോഷ്ടാക്കൾ വീട്ടുകാരും നാട്ടുകാരും ഉണർന്നതിനെ തുടർന്ന് ഓടി രക്ഷപ്പെടുകയുണ്ടായി. തസ്കരർ ഇതരസംസ്ഥാന തൊഴിലാളികളാണോയെന്ന് നാട്ടുകാർ സംശയിക്കുന്നു.
നിയന്ത്രണങ്ങളുടെ ഭാഗമായി ആളുകൾ പുറത്തിറങ്ങാത്തതിൽ പ്രദേശങ്ങളിലുള്ളവർ പതിവിനും നേരത്തെ കിടന്നുറങ്ങാറുണ്ട്. മുന്‍പും ഈ പ്രദേശങ്ങളിൽ മോഷണ ശ്രമം നടന്നിട്ടുണ്ട്. ഇതു സംബന്ധിച്ചു മാടപ്പാട് പ്രദേശത്തെ ജനങ്ങൾ പലവട്ടം പരാതി പറഞ്ഞെങ്കിലും അധികാരികൾ ആരും മുഖവിലയ്ക്കെടുത്തില്ലെന്ന ആരോപണമുണ്ട്.
ഇന്നലെ ഒരു വീടിന്റെ പുറക് വശത്തുനിന്നു വെളുപ്പിന് രണ്ടരയ്ക്ക് ഒരു കള്ളൻ ഇറങ്ങി ഓടുകയായിരുന്നു. വീട്ടുകാർ വലിയ ഒച്ചവച്ചതുകൊണ്ട് അയൽവാസികൾ പെട്ടെന്ന് ഉണർന്നു. ഈസമയത്ത് വൈദ്യുതിനിലച്ചതിനാൽ ജനങ്ങൾ പുറത്തിറങ്ങാൻ ധൈര്യപ്പെട്ടില്ല.
ഏറ്റുമാനൂർ-അയർക്കുന്നം റൂട്ടിൽ വെളുപ്പിന് ഒന്നിനുശേഷം ടൂ വീലറുകളും മറ്റുവാഹനങ്ങളും സഞ്ചരിക്കുന്നതായും നാട്ടുകാർ പറഞ്ഞു. ഈ റൂട്ടിലും മാടപ്പാട്-ചെറുവാണ്ടൂർ വയലോരം റൂട്ടിലും പോലീസിന്റെ ശ്രദ്ധവേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ചെറുവാണ്ടൂർ ചാൽ തെളിച്ചപ്പോൾ ലഭിച്ച നൂറു കണക്കിന് സിറിഞ്ചുകൾ കാണപ്പെട്ടത് മയക്കുമരുന്ന് ഉപഭോക്താക്കൾ ഉപയോഗിച്ച് എറിഞ്ഞതാണോയെന്ന സംശയവും നാട്ടുകാർ പങ്കുവച്ചിരുന്നു.
ലോക്ഡൗണ്‍ കാലമായതിനാൽ രാത്രികാല പോലീസ് പെട്രോളിംഗ് ശക്തിപ്പെടുത്തണമെന്ന് ഇസ്കഫ് സംസ്ഥാന ജനറൽ സെക്രട്ടറിയും മാടപ്പാട് ജനകീയ സമിതി കണ്‍വീനറുമായ പ്രശാന്ത് രാജൻ ആവശ്യപ്പെട്ടു.