മട്ടന്നൂർ(കണ്ണൂർ): കാലവർഷം ആരംഭിച്ചതിന് പിന്നാലെ മട്ടന്നൂർ മേഖലയിലെ ക്ഷേത്രങ്ങളിൽ വീണ്ടും മോഷണം. ഒരാഴ്ചയ്ക്കുള്ളിൽ മൂന്ന് ക്ഷേത്രങ്ങളിലാണ് മോഷണം നടന്നത്.
ഇന്നലെ പുലർച്ചെ നെല്ലൂന്നി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ക്ഷേത്ര മുറ്റത്തെ ഭണ്ഡാരം തകർത്തായിരുന്നു മോഷണം. ശ്രീകോവിലിനു മുന്നിലായി സ്ഥാപിച്ച ഭണ്ഡാരം കുത്തിപ്പൊളിച്ചാണ് പണം കവർന്നത്.
രണ്ടു മാസമായി ഭണ്ഡാരം തുറക്കാത്തതിനാൽ എത്ര രൂപയുണ്ടാകുമെന്നറിയില്ലെന്ന് ക്ഷേത്രം ഭാരവാഹികൾ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ക്ഷേത്ര ഭാരവാഹികളുടെ പരാതിയിൽ മട്ടന്നൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ മേറ്റടിയിലെ രണ്ടു ക്ഷേത്രങ്ങളിലും അയ്യല്ലൂരിലെ ഒരു ക്ഷേത്രത്തിലും മോഷണം നടന്നിരുന്നു.
അയ്യല്ലൂർ കുഞ്ഞാറുകുറത്തിയമ്മ ക്ഷേത്രത്തിലും മേറ്റടിയിലെ പുള്ളിവേട്ടക്കൊരുമകൻ ക്ഷേത്രത്തിലും മരുതായി പാലത്തിനു സമീപത്തുള്ള വേട്ടക്കൊരുമകൻ ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്.
ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ചായിരുന്നു മോഷണം. ഇവയെക്കുറിച്ച് പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് വീണ്ടും ക്ഷേത്ര മോഷണം നടന്നത്.