കോടഞ്ചേരി: മഞ്ഞുമല പള്ളിയോടു ചേർന്ന് കച്ചവടം നടത്തുന്ന ഇടമുറി സജിയുടെ കടയിൽ ആറാം തവണയും മോഷണം നടന്നിട്ടും പ്രതികളെ പിടികൂടാത്ത പോലീസ് നടപടിയിൽ തുഷാരഗിരി വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു.
കടയിൽ മോഷ്ടാക്കൾ നിരന്തരം മോഷണം നടത്തിയിട്ടും പ്രതികളെ പിടികൂടാതെ പോലീസ് നടപടിയിൽ ദുരൂഹതയുണ്ടെന്നും യോഗം ആരോപിച്ചു.
മേഖലയിൽ രാത്രികാലങ്ങളിൽ പോലീസ് പട്രോളിംഗ് നടത്തണമെന്നും തുഷാരഗിരിയിൽ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പലവ്യഞ്ജന സാധനങ്ങൾ, സിഗരറ്റ്, വാഴക്കുല, ഉണക്കമത്സ്യം എന്നിവ മോഷണം പോയി.
കടയുടെ ടിൻ ഷീറ്റും ഗ്രിൽസും തകർത്താണ് മോഷ്ടാക്കൾ കടയിൽ കയറിയത്. 30,000 രൂപയുടെ നഷ്ടം ഉണ്ടായതായും കടയുടമ പറഞ്ഞു. യോഗം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സണ്ണി കാപ്പാട്ട്മല ഉദ്ഘാടനം ചെയ്തു.
വാർഡ് കോൺഗ്രസ് പ്രസിഡന്റ് ജോർജ് പുത്തൻപുര അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി, വാർഡ് അംഗം സിസിലി കോട്ടപ്പള്ളി, ജിജി എലിവാ ലുങ്കൽ, ടോമി കേഴപ്ലാക്കൽ, ജോർജ് കാരിവേലിൽ, ടോണി പന്തലാടിയിൽ എന്നിവർ പ്രസംഗിച്ചു.