കൊല്ലം: കടയിൽ സാധനം വാങ്ങാനെന്ന വ്യാജേനയെത്തി കടയിലെ മേശയ്ക്കുള്ളിലെ പണവുമായി കടന്ന സംഭവത്തിൽ മോഷ്ടാക്കളുടെ സിസിടിവി ദൃശ്യം പുറത്ത്. കൊല്ലം തേവള്ളി എകെ സ്റ്റോറിലാണ് പട്ടാപ്പകൽ മോഷണം നടന്നത്.
ബൈക്കിൽ കടയിലെത്തിയ രണ്ട് യുവാക്കൾ വെളിച്ചെണ്ണയുണ്ടോ എന്നുചോദിച്ചു. കടയുടമ ഉണ്ടെന്നുപറഞ്ഞിട്ട് വെളിച്ചെണ്ണ എടുക്കുന്നതിനിടയിൽ മേശതുറന്ന് അതിലുണ്ടായിരുന്ന 7000 രൂപയുമായി യുവാക്കൾ ബൈക്കിൽ കയറി രക്ഷപ്പെട്ടു.
കടയുടെ പുറത്തുനിന്ന യുവാക്കൾ ഇരുവരെയും പിടികൂടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.പരാതിയെതുടർന്ന് കൊല്ലം വെസ്റ്റ് പോലീസെത്തി പരിശോധന നടത്തി. ഇവരുടെ ദൃശ്യങ്ങൾ സമീപത്തെ വീട്ടിലെ സിസിടിവിയിൽനിന്ന് പോലീസ് കണ്ടെടുത്തു. പ്രതികൾ ഉടൻ പിടിയിലാകുമെന്ന് പോലീസ് അറിയിച്ചു.
തേവള്ളി ഓലയിൽ കടവ് ഭാഗത്ത് ആളൊഴിഞ്ഞ സമയത്ത് കടകടളിൽ നിന്ന് പണം മോഷ്ടിക്കുന്നതും പിടിച്ചുപറിയും നിത്യസംഭവമായിട്ടുണ്ട്. സമീപത്തെ കൃഷ്ണൻകോവിലിലെ വഞ്ചി തകർത്ത് മോഷണം നടത്തിയതും അടുത്തിടെയാണ്.
പ്രദേശത്തെ മോഷണങ്ങൾ സംബന്ധിച്ച് നിരവധി പരാതികളാണ് പോലീസിന് നൽകിയിട്ടുള്ളത്. മദ്യപിച്ച് അടിപിടി നടത്തുന്നതും ഈ സ്ഥലത്ത് പതിവ് കാഴ്ചകളാണ്. പോലീസ് വേണ്ടരീതിയിൽ നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ഈ ഭാഗത്തെ വ്യാപാരികൾ ആശങ്കയിലാണ്.