കാഞ്ഞിരപ്പള്ളി: ജില്ലയിലെ തെളിയാത്ത പല മോഷണ കേസുകളും തെളിയും. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളിയിൽ പോലീസ് പിടിയിലായ മോഷ്ടാക്കൾ ജില്ലയിലെ വൻ മോഷണ സംഘം.ആൾതാമസമില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന ആലപ്പുഴ കണ്ടല്ലൂർ പെരുമനപുതുവൽ സുധീഷ് ഉദയൻ (38), പത്തനംതിട്ട, കുളനട പൂമംഗലത്ത് ശരത് ശശി (34) എന്നിവരാണ് കാഞ്ഞിരപ്പള്ളി പോലീസ് പിടിയിലായത്.
കഴിഞ്ഞ മാസം കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലെ ലക്ഷ്മി ജൂവലറിയുണ്ടായ മോഷണമടക്കം ജില്ലയിലും പരിസരങ്ങളിലുമുണ്ടായ പല മോഷണങ്ങൾക്കു പിന്നിലും ഈ രണ്ടംഗ സംഘമാണോ എന്ന അന്വേഷണത്തിലാണ് പോലീസ്. ഇന്നലെ നടത്തിയ അന്വേഷണത്തിൽ കായംകുളം, കന്നക്കുന്ന്, കുറത്തിക്കാട്, കരീലക്കുളങ്ങര എന്നീ പൊലീസ് സ്റ്റേഷനുകളിൽ മോഷണക്കേസുകളിൽ ഇരുവരും പ്രതികളാണെന്നു കണ്ടെത്തിയിരുന്നു.
മോഷണക്കേസിൽ ജയിലിലായിരുന്ന ഇരുവരും മാസങ്ങൾക്കു മുന്പാണ് ജാമ്യത്തിലിറങ്ങിയത്. തുടർന്നു സ്കൂട്ടറിൽ ജില്ലയിൽ എത്തി മോഷണം നടത്തുന്നതിനു പദ്ധതി തയാറാക്കുകയായിരുന്നു. മാസങ്ങളായി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ആളില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് വൻ മോഷണങ്ങൾ നടക്കുന്നുണ്ടായിരുന്നു.
വൈകുന്നേരം ആറിനും പത്തിനും ഇടയിലാണ് പ്രതികൾ മോഷണം നടത്തിയിരുന്നത്. ബൈക്കിൽ ശരത്ത് എത്തിയ ശേഷം വീടിനു സമീപം സുധീഷിനെ ഇറക്കി വിടും. തുടർന്ന് ശരത്ത് ഒളിച്ചിരുന്നു നീരീഷിക്കും. മോഷണത്തിന് ശേഷം ഇരുവരും ബൈക്കിൽ രക്ഷപ്പെടും.
വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്താണ് സ്ഥിരമായി മോഷണം നടത്തിവരുന്നത്. മോഷ്ടിച്ച സാധനങ്ങൾ പൊൻകുന്നം, ഞാലിയാകുഴി എന്നിവിടങ്ങളിലെ ആക്രികടയിലാണ് വിറ്റുവന്നിരുന്നത്. കോട്ടയം ഈസ്റ്റ് പൊലീസ്, പത്തനംതിട്ട, റാന്നി പൊലീസ് സ്റ്റേഷൻ പരിധിയിലും പുതുപ്പള്ളി, ചെങ്ങന്നൂർ, റാന്നി, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലും മോഷണക്കേസുകളിൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ട്.
വാരാന്ത്യ ലോക് ഡൗണിനോടനുബന്ധിച്ച് ശനിയാഴ്ച വൈകുന്നേരം അഞ്ചിന് കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ നടത്തിയ പരിശോധനയ്ക്കിടയിലാണ് ഇവർ പോലീസ് പിടിയിലായത്. വിവരങ്ങൾ അന്വേഷിച്ചപ്പോൾ പരസ്പര വിരുദ്ധമായി സംസാരിക്കുകയും വാഹനത്തിന്റെ രേഖകളും ലൈസൻസും ഇല്ലെന്ന് പറയുകയും ചെയ്തു.
സ്റ്റേഷനിലേക്കു കൊണ്ടുപോയി കൂടുതൽ ചോദ്യം ചെയ്തതിൽനിന്നാണ് നിരവധി കേസുകളിലെ പ്രതികളാണെന്ന് തിരിച്ചറിയുന്നത്. ഇവർ സഞ്ചരിച്ച സ്കൂട്ടർ കഴിഞ്ഞ നവംബറിൽ മല്ലപ്പള്ളി കല്ലൂപ്പാറയിൽനിന്ന് മോഷ്ടിച്ചതാണെന്നും സമ്മതിച്ചു. മോഷണത്തിന് ഉപയോഗിക്കുന്ന ആയുധങ്ങളും ഇവരുടെ പക്കൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. നിലവിൽ സുധീഷിന്റെ പേരിൽ 12 കേസുകളും ശരത്തിന്റെ പേരിൽ 18 കേസുകളുമുണ്ട്.