ഗുരുവായൂർ: എൻസിപി ജില്ലാ പ്രസിഡന്റും മുൻ പിഎസ്്സി അംഗവുമായ എ.വി. വല്ലഭന്റെ മമ്മിയൂർ ക്ഷേത്രത്തിനു പിൻവശത്തെ വീട്ടിൽ മോഷണം. പത്തു പവൻ നഷ്ടപ്പെട്ടു. വല്ലഭനും കുടുംബവും വീട്ടിലില്ലാത്ത സമയത്തായിരുന്നു മോഷണം.
വീടിന്റെ മുൻവാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്തുകടന്നിട്ടുള്ളത്. മുകൾനിലയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന മാലകളും കമ്മലുകളുമാണ് നഷ്ടപ്പെട്ടത്. അലമാരയുടെ പൂട്ട് തകർത്ത് ഉള്ളറയിൽനിന്നാണ് ആഭരണങ്ങൾ കവർന്നത്. വീട്ടിലെ അലമാരകളെല്ലാം തുറന്ന്് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. വല്ലഭനും കുടുംബവും വിനോദയാത്രയ്ക്കായി വ്യാഴാഴ്ച മൂന്നാറിൽ പോയതായിരുന്നു.
ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഗുരുവായൂർ എസിപി പി.എ. ശിവദാസ്, ടെന്പിൾ സിഐ യു.എച്ച്. സുനിൽദാസ്, എസ്ഐ ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസെത്തി അന്വേഷണം ആരംഭിച്ചു. യു. രാമദാസിന്റെ നേതൃത്വത്തിൽ വിരലടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി. ഗുരുവായൂരിൽ അടുത്ത കാലത്തായി മോഷണം വ്യാപകമായിട്ടുണ്ട്.