വടക്കഞ്ചേരി : വീടിനു പുറകിലൂടെ അകത്ത് കടന്ന മോഷ്ടാവ് ഉറങ്ങി കിടന്നിരുന്ന വീട്ടമ്മയുടെ മൂന്നര പവന്റെ സ്വർണ്ണമാല കവർന്നു.
മാല വലിച്ചെടുക്കുന്നതിനിടെ വീട്ടമ്മയുടെ കഴുത്തിൽ നിസാര പരിക്കേറ്റു. ടൗണിനടുത്ത് ഹോട്ടൽ ഡയാനക്ക് പുറകിൽ പള്ളിക്കാട് വാസുവിന്റെ ഭാര്യ വസന്തയുടെ താലിമാലയാണ് കവർന്നത്.
പേടിച്ച് ബഹളം വച്ച വസന്ത ഒപ്പം കിടന്നിരുന്ന ഭർത്താവ് വാസുവിനെ വിളിച്ചുണർത്തി കാര്യം പറയും മുന്പേ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. ചൊവ്വാഴ്ച അർധരാത്രി 12 മണിയോടെയാണ് സംഭവം. പുറകിലെ വാതിൽ വഴിയാണ് മോഷ്ടാവ് അകത്ത് കടന്നിട്ടുള്ളത്.
വീടിനു പുറകിലായി ചായ്പ്പ് ഇറക്കിയ മുറിയിലാണ് വാസുവും ഭാര്യയും കിടന്നിരുന്നത്. ബലകുറവുള്ള വാതിലിന് അടക്കാനുള്ള കുറ്റികളും കുറവാണ്.ഇതെല്ലാം അറിയുന്നവരാകണം മോഷണത്തിനു പിന്നിലെന്നാണ് നിഗമനം.
പ്രായമായ അമ്മയും മരുമകളും ചെറിയ കുട്ടിയുമാണ് വീട്ടിലുണ്ടായിരുന്നത്. മുന്നിലെ ഗെയ്റ്റും തുറന്ന നിലയിലായിരുന്നെന്ന് വാസു പറഞ്ഞു. എന്നാൽ വാഹനം കടത്തുന്ന ഭാഗത്ത് ഗെയ്റ്റോ മതിലോ ഇല്ല.
വടക്കഞ്ചേരി പോലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. വടക്കഞ്ചേരി ടൗണിലെ ഓട്ടോ ഡ്രൈവറാണ് വാസു.
വീടിന്റെ പുറകിലെ ചുമരിൽ എന്തോ വരച്ച് വച്ച അടയാളങ്ങൾ കണ്ടെത്തി. ഇങ്ങനെ വരയ്ക്കാവുന്ന കുട്ടികളൊന്നുമില്ലാത്ത വീട്ടിൽ അടയാളങ്ങൾ വന്നതും സംശയങ്ങളുയർത്തിയിട്ടുണ്ട്.
കുറച്ച് കാലം മുന്പ് വീടുകളുടെ മതിലുകളിലും ഗെയ്റ്റുകളിലും ഇത്തരത്തിൽ അടയാളങ്ങൾ രേഖപ്പെടുത്തിയിരുന്നത് പോലീസിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു.