ചെറായി: പട്ടാപ്പകല്‍ ബൈക്കിലെത്തി 15 കാരന്റെ കൈയിലുണ്ടായിരുന്ന വിലകൂടിയ ഫോണുമായി കടന്നു കളഞ്ഞ രണ്ടംഗം സംഘത്തെക്കുറിച്ച് മുനമ്പം പോലീസിനു സൂചന ലഭിച്ചു. ആലുവ എന്‍എഡി കാനാല്‍ റോഡ് ഭാഗത്തുള്ള രണ്ട് യുവാക്കളാണ് ഫോണ്‍ തട്ടിയെടുത്തതെന്നാണ് പോലീസ് സംശയിക്കുന്നത്.
സിസിടിവി കാമറയില്‍ പതിഞ്ഞ ബൈക്കിന്റെ നമ്പര്‍ വച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. പോലീസ് ഇവരുടെ വീടുകളില്‍ എത്തിയെങ്കിലും പ്രതികളാരും തന്നെ വീട്ടില്‍ ഉണ്ടായിരുന്നില്ല.
അന്വേഷണം തുടരുകയാണ്. വെള്ളിയാഴ്ച ചെറായി ബീച്ച് റോഡില്‍ വലിയവീട്ടില്‍കുന്ന് ക്ഷേത്രത്തിന് സമീപത്തുവച്ച് ചെറായി അറുകാട് അര്ജുന് സന്തോഷിന്റെ പക്കല്‍നിന്നാണ് ഫോണ്‍ തട്ടിയെടുത്തത്.
നടന്നു പോകുകയായിരുന്ന അര്‍ജുന്റെ അടുത്ത് ബൈക്ക് നിര്‍ത്തിയശേഷം തന്റെ ഫോണില്‍ പൈസ തീര്‍ന്നു പോയെന്നും ഒരു കോള്‍ വിളിക്കാന്‍ ഫോണ്‍ ഒന്ന് തരുമോയെന്നും പിന്നിലിരുന്നയാള്‍ ചോദിച്ചത്രേ.
അര്ജ്ജുന് ഫോണ്‍ നല്കിയ ഉടനെ ഇരുവരും ബൈക്ക് ഓടിച്ചു കടന്നു കളയുകയായിരുന്നു. 19000 രൂപ വില വരുന്ന ഫോണാണ് നഷ്ടപ്പെട്ടത്.
മുനമ്പം പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.