കാട്ടാക്കട: കാട്ടാക്കടയിൽ പട്ടാപ്പകൽ തോക്ക് ചൂണ്ടി ബധിരയായ വൃദ്ധയെ മർദിച്ച് കവർച്ച. കാട്ടാക്കട മുതിയാവിള കളിയാകോട് ശാലോം ഭവനിൽ ഇന്നലെ രാവിലെ ഏഴോടെയാണ് സംഭവം.
രതീഷും ഭാര്യ ജ്യോതിയും ജ്യോതിയുടെ അമ്മ കുമാരിയും രതീഷിന്റെ രണ്ടു മക്കളുമാണ് ഇവിടെ താമസിക്കുന്നത്.
രതീഷും ഭാര്യ ജ്യോതിയും രാവിലെ ആറോടെ പള്ളിയിൽ പോയിരുന്നു. രതീഷിന്റെ മക്കളായ ആറും നാലും വയസുള്ള മക്കൾ രണ്ടു മുറികളിൽ കിടക്കുകയായിരുന്നു.
രാവിലെ എന്തോ ശബ്ദം കേട്ട ഉണർന്ന കുമാരി മുറിയിൽ നിന്നും ഇറങ്ങി നോക്കുമ്പോഴാണ് ഒരാളെ കാണുന്നത്. മുഖം മൂടിയും കൈയുറയും ധരിച്ചിരുന്നു. മുറിയിലെ സാധനങ്ങൾ വലിച്ചുവാരിയിട്ട നിലയിലായിരുന്നു.
കുമാരിയെ കണ്ടതോടെ മുഖം മൂടി ധരിച്ചയാൾ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ആഭരണങ്ങളും പണവും തരാൻ ആവശ്യപ്പെടുകയും ചെയ്തു.
കുമാരിയുടെ കാതിൽ കിടന്ന കമ്മൽ ഊരി വാങ്ങുകയും ശേഷം തോക്കിൻ മുനയിൽ നിറുത്തി ഭീഷണിപ്പെടുത്തുകയും കുനിച്ചു നിറുത്തി മർദിക്കുകയും ചെയ്തു.
തന്റെ കൈയിൽ പണമില്ലെന്നും പണം ഇവിടെയില്ലെന്നും പറഞ്ഞെങ്കിലും മർദനം തുടരുകയായിരുന്നു. തുടർന്ന് കള്ളൻ വീടിന്റെ പിന്നിലൂടെ ഇറങ്ങി ഓടുകയും ചെയ്തു.
ഇതിനുശേഷമാണ് കുമാരി അയൽക്കാരെ വിവരമറിയിച്ചതും കാട്ടാക്കട പോലീസ് എത്തിയതും.ബൈക്കിൽ എത്തിയ രണ്ടു പേരാണ് ഇതിനു പിറകിലെന്ന് പോലീസ് പറയുന്നു. സിസിടിവി ദ്യശ്യങ്ങൾ പരിശോധിക്കുകയാണ് പോലീസ്.
ഈ പ്രദേശത്ത് വൻ തോതിൽ ലഹരി കച്ചവടം നടക്കുന്നുണ്ട്. ഇതിൽപ്പെട്ട ആരെങ്കിലുമാകാമെന്ന സംശയത്തിൽ പോലീസ് ആ വഴിക്കും അന്വേഷണം നടത്തുന്നുണ്ട്.
ഇവർ രാവിലെ പള്ളിയിൽ പോകുന്ന വിവരം അറിയാവുന്ന ആരെങ്കിലുമാണോ ഇതിനു പിന്നിലെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.